വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള വിമാനങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ വിമാന കമ്പനിയായ ഗൾഫ് സ്ട്രീം എയറോസ്‌പേസിന് കാനഡ സർട്ടിഫിക്കേഷൻ നൽകാത്തതിനെത്തുടർന്നാണ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണി. കനേഡിയൻ വിമാന നിർമ്മാതാക്കളായ ബോംബാർഡിയയെ ലക്ഷ്യമിട്ടാണ് ഈ നീക്കം.( Trump threatens 50% tariff on all Canadian aircraft manufacturers selling in the US)
അമേരിക്കയുടെ ബിസിനസ് ജെറ്റ് വിമാനങ്ങളായ ഗൾഫ് സ്ട്രീം 500, 600, 700, 800 എന്നിവയ്ക്ക് സർട്ടിഫിക്കേഷൻ നൽകാൻ കാനഡ വിസമ്മതിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയുള്ള ഈ വിമാനങ്ങൾക്ക് അംഗീകാരം നൽകാത്തത് അനീതിയണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
കാനഡ ഈ നിലപാട് തുടർന്നാൽ അമേരിക്കയിൽ വിൽക്കുന്ന എല്ലാ കനേഡിയൻ വിമാനങ്ങൾക്കും 50 ശതമാനം തീരുവ ഏർപ്പെടുത്തും.
ബോംബാർഡിയറിന്റെ പ്രധാന മോഡലായ ഗ്ലോബൽ എക്‌സ്‌പ്രസ് ജെറ്റുകളുടെ ഉൾപ്പെടെയുള്ളവയുടെ ഡി-സർട്ടിഫിക്കേഷൻ നടപടികൾ ആരംഭിക്കും.
ട്രംപിന്റെ ഭീഷണിക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കാനഡയുടെ പരമാധികാരത്തെ മാനിക്കാൻ അമേരിക്കൻ ഭരണകൂടം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഈ വിഷയത്തിലുള്ള കാനഡയുടെ വിയോജിപ്പ് നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



