Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaലിവിങ് ടുഗെദർ കാലത്തെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ...

ലിവിങ് ടുഗെദർ കാലത്തെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ് | Kerala High Court Verdict Birth Certificate

🎙️ Latest Podcast

കൊച്ചി: വിവാഹത്തിന് മുൻപ് ലിവിങ് ടുഗെദർ (ഒരുമിച്ച് താമസം) കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു (Kerala High Court Verdict Birth Certificate). സിംഗിൾ മദർ എന്ന നിലയിൽ ജനനം രജിസ്റ്റർ ചെയ്ത കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിന്നീട് അച്ഛന്റെ പേര് ചേർക്കാൻ സാധാരണ നിയമം അനുവദിക്കുന്നില്ലെങ്കിലും, കുട്ടിയുടെ ഭാവിയും അന്തസ്സും കണക്കിലെടുത്ത് കോടതിയുടെ അസാധാരണ അധികാരം ഉപയോഗിക്കുകയാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

നിയമത്തിലെ ചില വ്യവസ്ഥകൾ കടുംപിടുത്തമുള്ളതാണെങ്കിലും ഭരണഘടനാ കോടതികൾ നിയമത്തിന് മാനുഷികമായ വ്യാഖ്യാനം നൽകേണ്ടതുണ്ടെന്ന് ചാൾസ് ഡിക്കൻസിന്റെ വരികൾ ഉദ്ധരിച്ച് കോടതി നിരീക്ഷിച്ചു. നിലവിൽ തമിഴ്‌നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർക്കോട് സ്വദേശികളായ ദമ്പതികളുടെ ഹർജി അനുവദിച്ചുകൊണ്ട്, 30 ദിവസത്തിനകം പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ പത്തനംതിട്ട പള്ളിക്കൽ ഗ്രാമപഞ്ചായത്തിന് കോടതി നിർദ്ദേശം നൽകി. ദുബായിൽ ജോലി ചെയ്യുന്ന കാലത്ത് പ്രണയത്തിലായ ദമ്പതികൾ, യുവാവിന്റെ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയായിരുന്നു. തുടർന്ന് പങ്കാളിയുടെ ബീജം സ്വീകരിച്ച് 2012-ൽ കൃത്രിമ ഗർഭധാരണത്തിലൂടെ യുവതി പെൺകുട്ടിക്ക് ജന്മം നൽകി.

സിംഗിൾ മദർ ആയതിനാൽ അന്ന് ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ഒഴിച്ചിട്ടിരുന്നു. പിന്നീട് 2018-ൽ ഇരുവരും നിയമപരമായി വിവാഹിതരാവുകയും കുടുംബക്കോടതി വഴി കുട്ടിയുടെ പിതൃത്വം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടിയുടെ സ്കൂൾ രേഖകളിലും മറ്റ് തിരിച്ചറിയൽ രേഖകളിലും പിതാവിന്റെ പേര് ചേർത്തുവെങ്കിലും, ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ പഞ്ചായത്ത് തയ്യാറായിരുന്നില്ല. സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഒഴിച്ചിടുന്നത് കുട്ടിയുടെ മനസ്സിന് ആഴത്തിൽ മുറിവേൽപ്പിക്കുമെന്നും, നിയമത്തിന്റെ കുത്തും കോമയുമല്ല ഇത്തരം സാഹചര്യങ്ങളിൽ പരിശോധിക്കേണ്ടതെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ചരിത്രപരമായ ഈ ഉത്തരവ്.

Summary: The Kerala High Court has directed the Pallickal Grama Panchayat in Pathanamthitta to issue a new birth certificate including the father’s name for a child born through artificial insemination during a couple’s cohabitation period. Justice P.V. Kunhikrishnan invoked the court’s extraordinary powers, emphasizing that constitutional courts must provide a humane interpretation of laws to protect a child’s future and dignity. Although initial regulations did not permit adding the father’s name post-registration as a single mother, the court ruled that technicalities should not deeply wound a child’s identity, especially after the parents legally married and established paternity through a family court.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.