കൊച്ചി: നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന്റെ പുതിയ റസ്റ്ററന്റിന്റെ ഉദ്ഘാടന ചടങ്ങിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മദ്യപിച്ചാണ് എത്തിയതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ബിബിൻ ജോർജ് രംഗത്ത് (Dharmajan Bolgatty drunk troll issue). ചടങ്ങിനിടെ ധർമ്മജന്റെ പെരുമാറ്റവും ശരീരഭാഷയും ചൂണ്ടിക്കാട്ടി കടുത്ത വിമർശനങ്ങളും പരിഹാസ ട്രോളുകളും ഉയർന്ന പശ്ചാത്തലത്തിലാണ് ബിബിൻ നേരിട്ട് വിശദീകരണവുമായി എത്തിയത്. ധർമ്മജനെ ട്രോളിക്കൊണ്ട് നിർമ്മിച്ച ഒരു ഇൻസ്റ്റാഗ്രാം വീഡിയോയുടെ താഴെ കമന്റ് രേഖപ്പെടുത്തിയാണ് ബിബിൻ ഇതിലെ സത്യാവസ്ഥ വ്യക്തമാക്കിയത്.
“നിങ്ങളുടെ വർക്കിനെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ ദൈവം സത്യം, അദ്ദേഹം അന്ന് മദ്യം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,” എന്നായിരുന്നു ബിബിൻ ജോർജിന്റെ വൈകാരികമായ പ്രതികരണം.
കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിന്റെ വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധർമ്മജനെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. വീഡിയോയിൽ ഒരു ഘട്ടത്തിൽ ധർമ്മജന് ശരീരത്തിന്റെ ബാലൻസ് നഷ്ടമാകുന്നതും അടുത്തുനിന്ന ബിബിൻ ജോർജ് അദ്ദേഹത്തെ താങ്ങിപ്പിടിക്കുന്നതും ദൃശ്യമായിരുന്നു. ഇതിന് പുറമെ ധർമ്മജൻ ധരിച്ചിരുന്ന ഷർട്ടിന്റെ ബട്ടണുകൾ മാറിമറിഞ്ഞാണ് ഇട്ടിരുന്നതെന്നും സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് താരം മദ്യലഹരിയിലാണ് ചടങ്ങിൽ പങ്കെടുത്തതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സജീവമായത്.
അതേസമയം, ബിബിൻ ജോർജിന്റെ മറുപടിക്ക് പിന്നാലെ ധർമ്മജനെ പിന്തുണച്ചും നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യരുടെ ആരോഗ്യസ്ഥിതിയെക്കൂടി പരിഗണിച്ചാവണം വിമർശനങ്ങൾ ഉന്നയിക്കേണ്ടതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. താരം പലവിധ രോഗങ്ങൾക്കും മരുന്നുകൾ കഴിക്കുന്നയാളാണെന്നും, അത്തരം കനത്ത ഡോസുള്ള മരുന്നുകളുടെ പാർശ്വഫലങ്ങൾ (Side effects) കാരണം രാവിലെ സമയങ്ങളിൽ ശരീരത്തിന്റെ നിയന്ത്രണം പൂർണ്ണമായി ലഭിക്കാറില്ലെന്നും പിന്തുണയ്ക്കുന്നവർ കമന്റ് ചെയ്തു. തിരക്കിനിടയിൽ ഷർട്ടിന്റെ ബട്ടൺ മാറിപ്പോയത് മനുഷ്യസഹജമായ ഒരു അബദ്ധം മാത്രമാണെന്നും അതിനെ മദ്യപാനവുമായി കൂട്ടിക്കെട്ടി ഒരു കലാകാരനെ വ്യക്തിഹത്യ ചെയ്യരുതെന്നും ആരാധകർ ആവശ്യപ്പെടുന്നു.
Story Summary: Actor Bibin George clarified that comedian Dharmanjan Bolgatty was not drunk at his new restaurant’s inauguration, dismissing viral trolls. Responding directly to a trolling video, Bibin swore that Dharmajayan hadn’t consumed alcohol. Fans also backed Dharmanjan, pointing out that his lack of body balance and misaligned shirt buttons could be side effects of heavy medications rather than intoxication.

