ചെങ്ങന്നൂർ: കല്ലിശേരി റെയിൽവേ പാലത്തിന് സമീപം പമ്പാ നദിയിൽ ചൂണ്ടയിടുന്നതിനിടെ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും അടങ്ങിയ ചാക്കുകെട്ട് കണ്ടെത്തി (human skull found Pamba river). സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട മണിയോടെയാണ് സംഭവം നടന്നത്.
പ്രദേശത്ത് മീൻപിടിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കളുടെ ചൂണ്ടയിലാണ് അസ്ഥികൂടാവശിഷ്ടങ്ങൾ അടങ്ങിയ ചാക്ക് അപ്രതീക്ഷിതമായി കുടുങ്ങിയത്. ആറ്റിൽ ചൂണ്ടയിടുന്നതിനിടെ വലിയ ഭാരമുള്ള എന്തോ ഒന്ന് കുടുങ്ങുകയായിരുന്നു. വലിയ മീനായിരിക്കുമെന്ന ധാരണയിൽ ചൂണ്ട വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും യുവാക്കൾക്ക് സാധിച്ചില്ല. ഇതേത്തുടർന്ന് യുവാക്കൾ തന്നെ ആറ്റിലിറങ്ങി പരിശോധിച്ചപ്പോഴാണ് നദിയിൽ താണു കിടക്കുന്ന നിലയിൽ ഒരു ചാക്കുകെട്ട് കണ്ടത്. തുടർന്ന് ഇത് വലിച്ച് കരയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ട് ഞെട്ടിയത്.
വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മനുഷ്യന്റെ തലയോട്ടി, കൈകാലുകളുടെ എല്ലിൻകഷ്ണങ്ങൾ എന്നിവയ്ക്ക് പുറമെ ഒരു ശവപ്പെട്ടിയുടെ കൈപ്പിടിയും ചാക്ക് ആറ്റിൽ ഒഴുകിപ്പോകാതെ താഴ്ന്നുകിടക്കാനായി അടിയിൽ വെച്ചിരുന്ന വലിയൊരു കല്ലും പോലീസ് കണ്ടെടുത്തു.
ആറ്റിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് ഏതെങ്കിലും പഴയ ശ്മശാനത്തിൽ നിന്നും എടുത്തുമാറ്റി ആറ്റിൽ തള്ളിയതാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ ശാസ്ത്രീയവും വിദഗ്ധവുമായ പരിശോധനകൾക്കായി കണ്ടെത്തിയ അവശിഷ്ടങ്ങൾ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയയ്ക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
Story Summary: A sack containing a human skull and bones was discovered by two youths while fishing in the Pamba River near the Kallissery railway bridge in Chengannur. Along with the skeletal remains, police found a coffin handle and a heavy stone inside the sack, prompting a detailed forensic investigation.

