ലണ്ടൻ: റെസ്റ്റോറന്റിൽ നിന്ന് കഴിച്ച ഭക്ഷണത്തിന് പണം നൽകാതിരിക്കാൻ സ്വന്തം തലമുടി പറിച്ച് പ്ലേറ്റിലിട്ട് തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവതിയുടെ ദൃശ്യങ്ങൾ പുറത്ത് (The Woolpack restaurant scam). യുകെയിലെ പ്രശസ്തമായ ‘ദി വൂൾപാക്ക്’ (The Woolpack) എന്ന റെസ്റ്റോറന്റിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുടുംബത്തോടൊപ്പം ആഹാരം കഴിക്കാനെത്തിയ യുവതിയാണ് ജീവനക്കാരെയും അധികൃതരെയും കബളിപ്പിക്കാൻ ശ്രമിച്ചത്.
കുട്ടിക്കായി ഓർഡർ ചെയ്ത മക്രോണി ചീസിനുള്ളിൽ (Macaroni Cheese) മുടി ഇരിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഉടൻ തന്നെ ജീവനക്കാരെ വിളിച്ചു വരുത്തി ഇവർ ബഹളം വെക്കുകയും പ്ലേറ്റ് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. റെസ്റ്റോറന്റ് അധികൃതർ ഉടനടി ക്ഷമാപണം നടത്തുകയും ആ പ്ലേറ്റ് മാറ്റി പുതിയ ഭക്ഷണം പാകം ചെയ്ത് നൽകുകയും ചെയ്തു. ആദ്യ പ്ലേറ്റിലെ ഭക്ഷണം കുട്ടി ഏതാണ്ട് പൂർണ്ണമായും കഴിച്ചു തീർത്തിരുന്നതിനാൽ, രണ്ടാമത് നൽകിയ ഭക്ഷണം ഇവർ വീട്ടിലേക്ക് പാർസൽ (Takeaway) വാങ്ങി കൊണ്ടുപോകുകയാണ് ചെയ്തത്.
എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അമ്പരപ്പിക്കുന്ന സത്യം പുറത്തുവന്നത്. യുവതി സ്വന്തം തലയിൽ നിന്നും മുടി പറിച്ച് പ്ലേറ്റിലേക്ക് നിക്ഷേപിക്കുന്നത് ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഭക്ഷണം സൗജന്യമായി തട്ടിയെടുക്കാൻ മുൻകൂട്ടി പ്ലാൻ ചെയ്തതായിരുന്നു ഈ നീക്കമെന്ന് ഇതോടെ വ്യക്തമായി.
View this post on Instagram
യുവതിയുടെ കൈക്കലകൾ മുടിയിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്ന് റെസ്റ്റോറന്റ് അധികൃതർ പരിഹാസത്തോടെ ഫേസ്ബുക്കിൽ കുറിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഇവർ മേശപ്പുറത്തിരുന്ന കെച്ചപ്പ് ബോട്ടിൽ, ഐസ്ക്രീം ബൗൾ, സ്റ്റെയിൻലെസ് സ്റ്റീൽ ടീസ്പൂൺ എന്നിവയും രഹസ്യമായി ബാഗിലിടുന്നത് കണ്ടെത്തി. “കെച്ചപ്പിന്റെ ആകർഷണവും സ്റ്റീൽ സ്പൂണിന്റെ ഭംഗിയും ഞങ്ങൾക്ക് മനസ്സിലാകും, എങ്കിലും ഓർമ്മിപ്പിക്കട്ടെ, ഇതൊന്നും ഞങ്ങളുടെ ടേക്ക് എവേ മെനുവിൽ ഉള്ളതല്ല” എന്നായിരുന്നു റെസ്റ്റോറന്റിന്റെ കുറിപ്പ്. മോശം സാഹചര്യത്തിലും കൃത്യമായ പ്രൊഫഷണലിസം കാണിച്ച ജീവനക്കാരെ മാനേജ്‌മെന്റ് അഭിനന്ദിച്ചു. തട്ടിപ്പ് കയ്യോടെ പിടികൂടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റെസ്റ്റോറന്റിന്റെ നിലപാടിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
Story Summary: A woman at ‘The Woolpack’ restaurant in the UK was caught on CCTV plucking her own hair and putting it into a plate of Macaroni Cheese to avoid paying the bill. The restaurant exposed her online after discovering she also stole a ketchup bottle and cutlery.

