Sunday, February 8, 2026
HomeNationalഉത്തരാഖണ്ഡ് മത പരിവർത്തന നിയമം: വിചാരണ പൂർത്തിയായ 5 കേസുകളിലും പ്രതികൾ...

ഉത്തരാഖണ്ഡ് മത പരിവർത്തന നിയമം: വിചാരണ പൂർത്തിയായ 5 കേസുകളിലും പ്രതികൾ കുറ്റവിമുക്തർ | Religious Conversion

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി സർക്കാർ നടപ്പിലാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കോടതികളിൽ തിരിച്ചടി നേരിടുന്നു. വിചാരണ പൂർത്തിയായ ആദ്യത്തെ അഞ്ച് കേസുകളിലും പ്രതികളെ കോടതി വെറുതെ വിട്ടു. ഭൂരിഭാഗം കേസുകളിലും തെളിവുകളുടെ അഭാവവും പരാതിക്കാരുടെ മൊഴികളിലെ വൈരുദ്ധ്യവുമാണ് പ്രതികൾക്ക് തുണയായത് എന്നാണ് റിപ്പോർട്ട്.(Uttarakhand Religious Conversion Act, Accused acquitted in 5 cases where trial has been completed)

നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഇതുവരെ 62 കേസുകൾ രജിസ്റ്റർ ചെയ്തു. 5 കേസുകളിൽ പ്രതികളെ വെറുതെ വിട്ടു. 7 കേസുകൾ വിചാരണയ്ക്ക് മുൻപേ കോടതി എഫ്‌ഐആർ റദ്ദാക്കി. 12 കേസുകളിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചു, 5 എണ്ണത്തിൽ വാദം തുടരുന്നു.

സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ അമൻ ചൗധരിക്കും മുസ്ലിം യുവതിക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി നിർണ്ണായക നിരീക്ഷണം നടത്തി. മാതാപിതാക്കളുടെ സമ്മതത്തോടെ നടക്കുന്ന മിശ്രവിവാഹങ്ങളിൽ സംസ്ഥാനം ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, ആറ് മാസം തടവിൽ കഴിഞ്ഞ അമന് ജാമ്യം അനുവദിച്ചു.

ദരിദ്രരെയും പട്ടികവർഗക്കാരെയും മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പാസ്റ്റർ നരേന്ദ്ര സിംഗ് ബിഷ്ടിനും ഭാര്യയ്ക്കുമെതിരെ തീവ്ര ഹിന്ദു സംഘടനകൾ നൽകിയ പരാതി കോടതി തള്ളി. 2025 സെപ്റ്റംബറിൽ ഇവരെ കുറ്റവിമുക്തരാക്കിയെങ്കിലും, നാട്ടിൽ ജീവിക്കാൻ ഭീഷണിയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഭാര്യയെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന പരാതിയിൽ മുഹമ്മദ് ചന്ദ് എന്ന യുവാവിനെതിരെ കേസെടുത്തിരുന്നു. എന്നാൽ താൻ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് യുവതി മൊഴി നൽകിയതോടെ 2025 മാർച്ചിൽ ഇയാളെ കോടതി വെറുതെ വിട്ടു. മറ്റൊരു കേസിൽ സഹോദരിയെ മതം മാറ്റിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരൻ തന്നെ കോടതിയിൽ തിരുത്തി പറഞ്ഞു.

മകളെ മതം മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ വസ്തുതകളില്ലെന്ന് കോടതി കണ്ടെത്തി. ‘കേട്ടുകേൾവിയുടെ’ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാനാവില്ലെന്ന് നിരീക്ഷിച്ച വിചാരണ കോടതി വിധി ജില്ലാ സെഷൻസ് കോടതിയും ശരിവെച്ചു. നിർബന്ധിത മതപരിവർത്തന നിയമം പലപ്പോഴും വ്യക്തിപരമായ വൈരാഗ്യങ്ങൾ തീർക്കാനും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന വിമർശനത്തിന് ഈ കോടതി വിധികൾ അടിവരയിടുന്നു. കൃത്യമായ തെളിവുകളില്ലാതെ രജിസ്റ്റർ ചെയ്യുന്ന കേസുകൾ കോടതിയുടെ സമയം നഷ്ടപ്പെടുത്തുകയാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates