കൊച്ചി: കലൂരിൽ പെൺകുട്ടികളെ അതിക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലിക്ക് വൻ സെക്‌സ് റാക്കറ്റുകളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് സൂചന (Kaloor Girl Assault Case). കലൂർ ലിബർട്ടി ലെയ്‌നിലെ ഹൈലാൻഡ് ലോഡ്ജിന്റെ നടത്തിപ്പുകാരനായ അക്ബറിന്റെ പശ്ചാത്തലം അതീവ ദുരൂഹമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം നോർത്ത് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അക്ബറിനെതിരെ മുൻപും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും പ്രതികളെല്ലാം ഒളിവിൽ പോയതിനാൽ നിർണ്ണായക തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇവിടെ പതിവായി വന്നുപോകുന്ന ആളുകളെക്കുറിച്ചും ദുരൂഹ ഇടപാടുകളെക്കുറിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.
ചൊവ്വാഴ്ച പുലർച്ചെ 4:30 ഓടെ കലൂർ-എളമക്കര റോഡിന് സമീപമുള്ള ചക്കാലപ്പാടം റോഡിലാണ് നാടിനെ നടുക്കിയ അതിക്രമം അരങ്ങേറിയത്. പുലർച്ചെ ചായ കുടിക്കാനായി ഇറങ്ങിയ പെൺകുട്ടികൾക്ക് നേരെ പ്രതികൾ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത പെൺകുട്ടികളിലൊരാളെ പ്രതികൾ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മൊബൈൽ ഫോൺ പ്രതികൾ എറിഞ്ഞുതകർക്കുകയും ചെയ്തിട്ടുണ്ട്. അക്രമം നടത്തിയ ഏഴംഗ സംഘത്തിലെ മൂന്ന് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ അരുൺ, സാബിത്ത്, മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരാണ് പിടിയിലായത്. ഇവർ അക്ബർ അലിയുടെ ലോഡ്ജിലെ ജീവനക്കാരാണ്.
കേസിലെ മുഖ്യപ്രതിയായ അക്ബർ അലി ഉൾപ്പെടെ നാല് പേർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഒളിവിൽ കഴിയുന്ന സംഘത്തിൽ രണ്ട് യുവതികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പെൺകുട്ടികളോട് മോശമായി സംസാരിക്കാൻ പുരുഷന്മാർക്ക് വഴിമരുന്നിട്ടത് ഈ യുവതികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികൾ നഗരം വിടാതിരിക്കാൻ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Summary: The primary suspect in the Kaloor girl assault case, Akbar Ali, allegedly has close links with a sex racket operating in Kochi. The police are investigating the mysterious activities centered around the Highland Lodge in Kaloor managed by Akbar Ali, who is currently absconding. While three hotel employees have been arrested, a manhunt is underway to capture the remaining four suspects, including two women involved in the attack.

