ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നതായി ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബിജെപിയിൽ തനിക്ക് ഇനി കൃത്യമായ അവസരങ്ങളോ രാഷ്ട്രീയ ഭാവി പ്രത്യാശകളോ ഇല്ലെന്ന നിഗമനത്തിലാണ് അണ്ണാമലൈയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു (K Annamalai Quits BJP Tamil Nadu). പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ഡൽഹിയിൽ ഇന്ന് നടത്തുന്ന അതീവ നിർണായകമായ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പാർട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സി. ജോസഫ് വിജയന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം അധികാരം പിടിച്ചടക്കിയ 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടിയുണ്ടായി കൃത്യം ഒരു മാസം തികയുന്ന വേളയിലാണ് അണ്ണാമലൈയുടെ ഈ അപ്രതീക്ഷിത നീക്കം.
തമിഴ്‌നാട്ടിൽ ദ്രാവിഡ പാർട്ടികൾക്ക് ബദലായി ബിജെപി ഒറ്റയ്ക്ക് മത്സരിച്ച് അടിത്തറ ശക്തമാക്കണമെന്നായിരുന്നു അണ്ണാമലൈയുടെ ഉറച്ച നിലപാടെങ്കിലും, കേന്ദ്ര നേതൃത്വം അത് തള്ളി എഐഎഡിഎംക യുമായി സഖ്യമുണ്ടാക്കുകയായിരുന്നു. അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ കടുത്ത നിബന്ധന കേന്ദ്ര നേതൃത്വം അംഗീകരിച്ചതോടെയാണ് കഴിഞ്ഞ വർഷം അണ്ണാമലൈ പാർട്ടിയിൽ പൂർണ്ണമായും പാർശ്വവത്കരിക്കപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയോ പാർട്ടിയുടെ പ്രചാരണ രംഗത്ത് സജീവനകുകയോ ചെയ്തിരുന്നില്ല. ഇതിനിടെ അതൃപ്തി പരിഹരിക്കാൻ കേന്ദ്ര സർക്കാർ വെച്ചുനീട്ടിയ രാജ്യസഭാ സീറ്റ് ഓഫർ അണ്ണാമലൈ പൂർണ്ണമായി നിരസിച്ചതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ എയർപോർട്ടിൽ എത്തിയ അണ്ണാമലൈയുടെ ഔദ്യോഗിക വാഹനത്തിൽ ബിജെപിയുടെ കൊടി വെച്ചിരുന്നില്ല എന്നതും അദ്ദേഹത്തിന്റെ പാർട്ടി മാറ്റത്തിന്റെ വ്യക്തമായ സൂചനയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കേന്ദ്ര സർക്കാരിന്റെ പുതിയ ത്രിഭാഷാ നയത്തെ പരസ്യമായി വിമർശിച്ചുകൊണ്ട് ബിജെപിയുമായി കൂടുതൽ അകന്ന അണ്ണാമലൈ, പാർട്ടി വിട്ട ശേഷം സ്വന്തമായി ഒരു പുതിയ രാഷ്ട്രീയ പാർട്ടിയോ സാമൂഹിക പ്രസ്ഥാനമോ ആരംഭിക്കുമെന്നാണ് സൂചന. യുവാക്കളെയും സമാനാ ചിന്താഗതിക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് അദ്ദേഹം നിലവിൽ നടത്തുന്ന ‘വി ദി ലീഡേഴ്‌സ്’ (We The Leaders) എന്ന നേതൃത്വ പരിശീലന സംഘടനയെ ഇതിനായി രാഷ്ട്രീയ പ്ലാറ്റ്‌ഫോമാക്കി മാറ്റിയേക്കും. വരാനിരിക്കുന്ന തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പുകളിൽ ഈ പുതിയ പാർട്ടി മത്സരിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ജൂൺ നാലിന് അണ്ണാമലൈയുടെ ജന്മദിനം വരാനിരിക്കെ, കോയമ്പത്തൂരിലും ചെന്നൈ നഗരത്തിലും ഉടനീളം അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടും പുതിയ രാഷ്ട്രീയ തുടക്കത്തിന് ആഹ്വാനം ചെയ്തുകൊണ്ടും ‘അണ്ണാമലൈ 2.0’ എന്ന പേരിലുള്ള കൂറ്റൻ പോസ്റ്ററുകൾ ആരാധകർ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.
Summary: Former Tamil Nadu BJP Chief K. Annamalai is reportedly set to quit the party following severe differences with the central leadership over the AIADMK alliance. He is scheduled to meet BJP National President Nitin Nabin in Delhi today to formally convey his decision and offer his gratitude for his six-year political journey. Speculation is rife that Annamalai will launch a new political youth movement or party on his birthday on June 4, amidst massive posters surfacing across Chennai and Coimbatore.

