കൊൽക്കത്ത: പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ അനിക് ദത്ത (66) അന്തരിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ദക്ഷിണ കൊൽക്കത്തയിലെ ഗാരിയഹട്ടിലുള്ള ഭാര്യയുടെ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല (Anik Dutta Passed Away). യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ നരേന്ദ്ര ചന്ദ്ര ദത്തയുടെ ചെറുമകനായ അനിക് ദത്ത, ബംഗാളി സിനിമയിലെ ജനപ്രിയ സംവിധായകരിൽ ഒരാളായിരുന്നു. സത്യാജിത് റേയുടെ ചലച്ചിത്ര ശൈലിയുടെ വലിയൊരു ആരാധകനായിരുന്ന അദ്ദേഹം, തന്റെ ചിത്രങ്ങളിലൂടെ റേയുടെ പാരമ്പര്യത്തിന് ആദരവ് അർപ്പിക്കാൻ എപ്പോഴും ശ്രമിച്ചിരുന്നു.
2012-ൽ പുറത്തിറങ്ങിയ ‘ഭൂതർ ഭവിഷ്യത്’ എന്ന രാഷ്ട്രീയ പരിഹാസ ചിത്രത്തിലൂടെയാണ് അനിക് ദത്ത സിനിമാ സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്. ബംഗാളിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പശ്ചാത്തലങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ഈ ചിത്രം വലിയ വാണിജ്യ വിജയമാണ് നേടിയത്. തുടർന്ന് അശ്ചര്യോ പ്രദീപ് (2013), ബൊരുൺബാബുർ ബോന്ധു (2020), സത്യാജിത് റേയോടുള്ള ആദരവായി ഒരുക്കിയ അപരാജിതോ (2022) എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. മമത ബാനർജി സർക്കാരിന്റെ കടുത്ത വിമർശകനായിരുന്ന അദ്ദേഹത്തിന്റെ ‘ഭവിഷ്യതർ ഭൂത്’ (2019) എന്ന ചിത്രം പശ്ചിമ ബംഗാൾ സർക്കാർ തീയേറ്ററുകളിൽ നിന്ന് വിലക്കിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പിന്നീട് ഇതിനെതിരെ നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയും സർക്കാർ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു. അബീർ ചാറ്റർജി പ്രധാന വേഷത്തിലെത്തിയ ‘ജോതോ കാണ്ഡോ കൊൽക്കട്ടാത്തെ’ (2025) ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
Summary: Noted Bengali filmmaker Anik Dutta passed away at 66 after tragically falling from the terrace of his residence in South Kolkata. He made a spectacular directorial debut in 2012 with the acclaimed political satire “Bhooter Bhabishyat” and was highly regarded for his films like “Aparajito”. Known for his Left-leaning views, Dutta was a staunch critic of the state government, leading to a major free-speech legal battle in the Supreme Court over his 2019 film “Bhobishyoter Bhoot”.

