മെക്സിക്കോ സിറ്റി: വരാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇറാൻ ദേശീയ ടീമിന് രാജ്യത്ത് തങ്ങാൻ അനുമതി നിഷേധിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയെത്തുടർന്ന് പുതിയ നീക്കവുമായി മെക്സിക്കോ ( FIFA Iran Team Mexico Base Camp). ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ഇറാൻ ടീം മെക്സിക്കോയിൽ താമസിച്ച് അവിടെനിന്ന് യു.എസിലേക്ക് യാത്ര ചെയ്യുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം സ്ഥിരീകരിച്ചു. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ടൂർണമെന്റിൽ ഇറാന് യു.എസിൽ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളുണ്ടെങ്കിലും അവിടെ തുടരാൻ യു.എസ് അധികൃതർ വിസമ്മതിച്ചതിനെത്തുടർന്നാണ് ഫിഫ മെക്സിക്കൻ സർക്കാരിനെ സമീപിച്ചത്. ഇറാന് തങ്ങളുടെ രാജ്യത്ത് താമസ സൗകര്യം ഒരുക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് മെക്സിക്കോ വ്യക്തമാക്കുകയായിരുന്നു. ഇതോടെ അരിസോണയിലായിരുന്ന ഇറാന്റെ ബേസ് ക്യാമ്പ് മെക്സിക്കൻ അതിർത്തി നഗരമായ തിജുവാനയിലേക്ക് മാറ്റാൻ ഫിഫ അനുമതി നൽകി.
ഇറാൻ ടീമിന്റെ സുരക്ഷ മുൻനിർത്തി അവർ യു.എസിൽ തുടരുന്നത് ഉചിതമല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഫെബ്രുവരിയിൽ ഇറാനെതിരെ യു.എസും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്നുണ്ടായ യുദ്ധസാഹചര്യമാണ് ഇറാന്റെ ലോകകപ്പ് പങ്കാളിത്തത്തെ പ്രതിസന്ധിയിലാക്കിയത്. വിസ പ്രശ്നങ്ങൾ ഒഴിവാക്കാനും ഇറാൻ എയർ വിമാനങ്ങൾക്ക് നേരിട്ട് മെക്സിക്കോയിലേക്ക് സർവീസ് നടത്താനും പുതിയ തീരുമാനം സഹായിക്കുമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ തലവൻ മെഹ്ദി താജ് വ്യക്തമാക്കി. ഗ്രൂപ്പ് ജിയിലുള്ള ഇറാൻ ജൂൺ 15-ന് ലോസ് ആഞ്ചലസിൽ ന്യൂസിലൻഡിനെയും, ജൂൺ 21-ന് ബെൽജിയത്തെയും, ജൂൺ 26-ന് സീറ്റിലിൽ ഈജിപ്തിനെയും നേരിടും. ഏഷ്യൻ ക്വാളിഫയിംഗിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇറാൻ തുടർച്ചയായ നാലാം ലോകകപ്പിന് യോഗ്യത നേടിയത്. ഇറാന് പകരം ഇറ്റലിയെ ലോകകപ്പിൽ ഉൾപ്പെടുത്താൻ യു.എസ് മുൻപ് ശ്രമിച്ചിരുന്നെങ്കിലും ഫിഫയും ഇറ്റാലിയൻ അധികൃതരും അത് തള്ളിക്കളഞ്ഞിരുന്നു.
Summary: The Iranian national football team will base themselves in Mexico and travel to the U.S. only on match days after Washington refused to host the squad during the World Cup. Mexican President Claudia Sheinbaum confirmed that Mexico accepted FIFA’s request to host the team, leading to the relocation of Iran’s base camp to the border city of Tijuana. The political tension and ongoing war since February had previously raised doubts about Iran’s participation, though FIFA maintained the original match schedule.

