ലണ്ടൻ: ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ വംശഹത്യയ്ക്ക് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി മുന്നറിയിപ്പ് നൽകിയിട്ടും ലോകമെമ്പാടുമുള്ള 51 രാജ്യങ്ങൾ ഇസ്രായേലിന് ആയുധങ്ങളും സൈനിക സാമഗ്രികളും എത്തിച്ചുനൽകിയതായി വെളിപ്പെടുത്തൽ ( 51 Countries Armed Israel Gaza War). പ്രമുഖ അന്താരാഷ്ട്ര വാർത്താ മാധ്യമമായ അൽ ജസീറ നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് അന്താരാഷ്ട്ര നിയമങ്ങളെയും ഉപരോധങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ഇസ്രായേലിലേക്ക് ഒഴുകിയ ആയുധക്കച്ചവടത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
2023 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 3.22 ബില്യൺ ഷെക്കൽ (885.6 ദശലക്ഷം ഡോളർ) മൂല്യമുള്ള 2,603 സൈനിക സാമഗ്രികളാണ് ഇസ്രായേൽ ഇറക്കുമതി ചെയ്തത്. ഇതിൽ 91 ശതമാനം ഇറക്കുമതിയും നടന്നത് ഇസ്രായേലിനെതിരെ അന്താരാഷ്ട്ര കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷമാണെന്നത് വൻ നിയമലംഘനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
ഇസ്രായേലിന് ഏറ്റവും കൂടുതൽ സൈനിക സഹായം നൽകിയ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്. ആകെ ഇറക്കുമതിയുടെ 42 ശതമാനവും അമേരിക്കയിൽ നിന്നാണെങ്കിൽ 26 ശതമാനവുമായി ഇന്ത്യയാണ് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. റൊമാനിയ, തായ്‌വാൻ, ചെക്ക് റിപ്പബ്ലിക് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നത്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ മാത്രം ആകെ സൈനിക ഇറക്കുമതിയുടെ 19 ശതമാനത്തിന് പങ്കാളികളായി. ഇസ്രായേലിനെതിരെ പരസ്യമായി രംഗത്തുവരികയും ആയുധ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്ത സ്പെയിൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുപോലും മുൻപ് ഒപ്പുവെച്ച കരാറുകളുടെയും ലൂപ്പ്ഹോളുകളുടെയും മറവിൽ വൻതോതിൽ സ്ഫോടകവസ്തുക്കളും ആയുധഭാഗങ്ങളും ഇസ്രായേലിലേക്ക് കയറ്റി അയച്ചതായി ഇസ്രായേലി ടാക്സ് അതോറിറ്റിയുടെ രേഖകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ പ്രതിരോധ കമ്പനികൾ ഇസ്രായേലിന്റെ റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ഉൾപ്പെടെയുള്ള പ്രമുഖ ആയുധ നിർമ്മാതാക്കൾക്ക് കനത്ത പ്രഹരശേഷിയുള്ള ഫ്രാഗ്മെന്റേഷൻ ഘടകങ്ങളും 155എംഎം പീരങ്കി ഷെല്ലുകളുടെ ബോഡികളും ബൂസ്റ്റർ പെല്ലറ്റുകളും വൻതോതിൽ വിതരണം ചെയ്തതായി അൽ ജസീറ കണ്ടെത്തിയ രേഖകളിൽ പറയുന്നു. വംശഹത്യ തടയാൻ ബാധ്യസ്ഥരായ രാജ്യങ്ങൾ തന്നെ ഇത്തരത്തിൽ ആയുധങ്ങൾ നൽകുന്നത് അവരെ വംശഹത്യയിലെ പങ്കാളികളാക്കി മാറ്റുമെന്ന് അന്താരാഷ്ട്ര നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഗസ്സയിലെ ജനങ്ങൾ ചരിത്രത്തിലാദ്യമായി തങ്ങളുടെ നാശം തത്സമയം ലോകത്തിന് മുന്നിൽ സംപ്രേഷണം ചെയ്തിട്ടും ലോകരാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക-പ്രതിരോധ താല്പര്യങ്ങൾ മുൻനിർത്തി കൂട്ടക്കുരുതിക്ക് ആയുധം നൽകുകയായിരുന്നുവെന്നത് ആഗോള സമൂഹത്തിന്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.
Summary: A months-long Al Jazeera investigation revealed that 51 countries, all signatories to the Genocide Convention, continued supplying military-related goods to Israel despite the ICJ’s warning of a plausible risk of genocide in Gaza. The United States and India emerged as the largest suppliers, collectively accounting for over two-thirds of the total arms imports valued at $885.6 million. Even countries like France, Canada, Italy, and Germany, which publicly announced arms restrictions or embargoes, saw military components flow to Israel due to multi-year contracts and policy loopholes.

