Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala
HomeKerala"പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും തോൽവിക്ക് കാരണം"; പാലക്കാട് സിപിഎമ്മിലും സിപിഐയിലും...

“പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും തോൽവിക്ക് കാരണം”; പാലക്കാട് സിപിഎമ്മിലും സിപിഐയിലും കടുത്ത ആഭ്യന്തര കലാപം | Palakkad CPIM area committee meeting

🎙️ Latest Podcast

പാലക്കാട്: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടത് മുന്നണിയിൽ ആഭ്യന്തര കലഹം കനക്കുന്നു (Palakkad CPIM area committee meeting). സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിലും സിപിഐ ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. പിണറായി വിജയന്റെ ഭാഷാ പ്രയോഗങ്ങളും എം.വി. ഗോവിന്ദന്റെ ശരീരഭാഷയുമാണ് വൻ തോൽവിക്ക് കാരണമായതെന്ന് സിപിഐഎം ഏരിയ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു.

‘കടക്ക് പുറത്ത്’, ‘ഡാഷ് മോനെ’ തുടങ്ങിയ പിണറായിയുടെ മുൻകാല പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനമുയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്ന കാര്യങ്ങളിൽ ഒരു വ്യക്തതയുമില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ കൃത്യമായ സമയത്ത് തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറാകാത്തത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് വഴിവെച്ചു. പാലക്കാട് മണ്ഡലത്തിൽ ഇടത് മുന്നണിക്ക് വോട്ട് കുറയാൻ പ്രധാന കാരണം ഇതാണെന്നും, തൃത്താലയിലെ തോൽവി പ്രാദേശിക പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്തതു കൊണ്ടാണെന്നും യോഗം വിലയിരുത്തി. ഇനിയെങ്കിലും പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിച്ചില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന് അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

അതേസമയം, പി. സന്തോഷ് കുമാർ എംപി പങ്കെടുത്ത സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് നേതൃത്വത്തിനെതിരെയും പ്രത്യേകിച്ച് സിപിഎമ്മിനെതിരെയും രൂക്ഷവിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പലയിടങ്ങളിലും സിപിഐയെ ബോധപൂർവ്വം മാറ്റിനിർത്തിയതായി കൗൺസിൽ കുറ്റപ്പെടുത്തി. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്ത് തല കൺവെൻഷനുകളിൽ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിച്ചില്ല.

യുഡിഎഫ് രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തി പ്രചാരണം നടത്തിയപ്പോൾ, എൽഡിഎഫിന്റെ പ്രചാരണം പിണറായി വിജയൻ എന്ന വ്യക്തിയിലേക്ക് മാത്രം ഒതുങ്ങിപ്പോയെന്ന് സിപിഐ വിമർശിച്ചു. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ദളിത്, പിന്നാക്ക വിഭാഗങ്ങൾ എൽഡിഎഫുമായി അകന്നു. ഇടത് രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് സർവ്വ മേഖലകളിലും മുന്നണിക്ക് തിരിച്ചടിയായതെന്നും ജില്ലാ കൗൺസിൽ വിലയിരുത്തി.

Story Summary: Internal conflicts erupt within the LDF in Palakkad following the election defeat. CPI(M) area committee members heavily criticized Pinarayi Vijayan’s language and M.V. Govindan’s body language, while CPI’s district council accused CPI(M) of sidelining them during the campaign.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.