കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുത്തിവെപ്പിനിടെ ശരീരത്തിൽ കുടുങ്ങിയ സൂചിയുമായി വീട്ടമ്മ കഴിഞ്ഞത് ഒരു വർഷം. ആറന്മുള ഇടശ്ശേരിമല മണക്കാലിൽ വത്സല (68) എന്ന വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത് (Medical Negligence Kozhencherry Hospital). കഴിഞ്ഞ ബുധനാഴ്ച ഇതേ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ സൂചിയുടെ പകുതി ഭാഗം പുറത്തെടുത്തു. ശരീരത്തിലെ അണുബാധ മാറിയ ശേഷം ബാക്കി ഭാഗം പുറത്തെടുക്കാമെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ ഇവരെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
ഒരു വർഷം മുൻപ് പനിയും ഛർദ്ദിയും വയറിളക്കവും ബാധിച്ച് വത്സല ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഇടുപ്പിൽ കുത്തിവെപ്പ് എടുത്തത്. അന്നുമുതൽ ആ ഭാഗത്ത് കടുത്ത കല്ലിപ്പും വേദനയും അനുഭവപ്പെട്ടിരുന്നു. എന്നാൽ കുത്തിവെപ്പിന് ശേഷം കൈകൊണ്ട് തടവി കൊടുക്കാത്തതിനാലാണ് കല്ലിപ്പുണ്ടായതെന്നായിരുന്നു അന്ന് ആശുപത്രി ജീവനക്കാർ നൽകിയ മറുപടി. അടുത്തിടെ വേദന അസഹനീയമാവുകയും കുത്തിവെച്ച ഭാഗത്ത് പഴുപ്പ് വരികയും ചെയ്തതോടെ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ഉള്ളിൽ സൂചിയിരിക്കുന്ന വിവരം പുറത്തറിഞ്ഞത്. പഴുപ്പുള്ള അവസ്ഥയിൽ സൂചി പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ അത് ഒടിഞ്ഞുപോവുകയായിരുന്നെന്നും, തുടർന്ന് ശസ്ത്രക്രിയയിലൂടെ നീളം കൂടിയ ഭാഗം നീക്കം ചെയ്തതായും ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐസക് പറഞ്ഞു. സൂചിയുടെ ചെറിയൊരു ഭാഗം കൂടി ഇനിയും ഉള്ളിലുണ്ട്. അണുബാധ മാറാനുള്ള മരുന്നുകൾ നൽകിയിട്ടുണ്ടെന്നും അത് മാറിയ ശേഷം ബാക്കി ഭാഗം പുറത്തെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വത്സല ഇപ്പോഴും കടുത്ത വേദനയിലാണ് കഴിയുന്നത്.
Summary: A 68-year-old woman, Valsala, from Aranmula, spent a year with a broken injection needle lodged in her body following a vaccination at the Kozhencherry District Hospital. After experiencing severe pain and pus formation recently, an X-ray revealed the presence of the needle. Although doctors performed surgery on Wednesday to remove the longer broken piece, a small fragment remains deep inside due to severe infection. The hospital superintendent stated that the remaining piece would be extracted once the infection subsides, while the victim continues to suffer from excruciating pain and difficulty walking.

