കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Modelling sex racket Sindhu and bilal). കേസിലെ മുഖ്യപ്രതിയായ സിന്ധുവിനെ (സ്റ്റോയ്സി) എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂൺ 4 വരെ (14 ദിവസത്തേക്ക്) റിമാൻഡ് ചെയ്തു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിൽ വെച്ച് സിന്ധു പിടിയിലായത്.
ഇതിനു പിന്നാലെ കേസിന്റെ മുഖ്യസൂത്രധാരനും മാവേലിക്കര സ്വദേശിയുമായ ബിലാൽ എന്ന ശ്രീകുമാറിനെ എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുടെ (ACP) നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ സിന്ധുവിന്റെ കൂട്ടാളികളായ അലീന ഏബ്രഹാം, മഞ്ജിമ എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
ചൂരൽ മർദനവും ക്രൂര പീഡനവും: റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ
കേസിലെ ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ അതീവ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ദുബായിൽ മികച്ച ശമ്പളത്തിൽ മോഡലിങ് ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ ഇവർ വലയിലാക്കുന്നത്. അവിടെയെത്തിച്ച ശേഷം രഹസ്യ കേന്ദ്രങ്ങളിൽ തടങ്കലിലാക്കുകയും വഴങ്ങാത്തവരെ ചൂരൽ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
യുവതികളെ ലഹരിമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങൾ സിന്ധു തന്നെ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ കാണിച്ച്, പുറത്തുപറഞ്ഞാൽ കുട്ടിയെ കൊലപ്പെടുത്തുമെന്നും ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കേസിൽ സിന്ധുവിന് വൻകിട ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് പ്രതികൾക്ക് സിന്ധു വൻതോതിൽ പണം കൈമാറിയതിനും തെളിവുകളുണ്ട്.
കോടികളുടെ ഇടപാട്; വാട്സാപ്പ് ചാറ്റുകൾ പുറത്ത്
യുവതികളെ ദുബായിലേക്ക് കൊണ്ടുപോകുന്നതിനായി നാല് ലക്ഷം രൂപ വരെയാണ് പ്രതികൾ വാങ്ങിയിരുന്നത്. തുടർന്ന് വിസിറ്റിങ് വിസയിൽ അവിടെയെത്തിച്ച ശേഷം ഇവരുടെ ചിത്രങ്ങളും ‘റേറ്റും’ ആവശ്യക്കാർക്ക് വാട്സാപ്പ് വഴി അയച്ചുകൊടുത്ത് സിന്ധു തന്നെയാണ് ഇടപാടുകൾ ഉറപ്പിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായകമായ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കേസിൽ ഇനി രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർ നിലവിൽ വിദേശത്താണെന്നാണ് വിവരം. അറസ്റ്റിലായ സിന്ധു, ബിലാൽ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ വമ്പന്മാരുടെ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് മരട് പോലീസ്. കൂടുതൽ യുവതികൾ ഈ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
Short Summary: A major sex racket operating under the guise of modelling and fashion shows has been busted. The prime accused, Sindhu (Stoici), has been remanded to 14 days of custody, while the mastermind, Bilal, was arrested by Kochi police. Victims were allegedly lured with job promises in Dubai, detained, and brutally assaulted with canes and blackmailed using explicit videos when they resisted.

