കൊച്ചി: വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് മോഡലിങ്ങിനായി ദുബായിൽ എത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിന് പിന്നിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമെന്ന് പോലീസ് (Kochi human trafficking case). കേസിൽ പെൺവാണിഭ റാക്കറ്റിലെ കണ്ണികളായ മൂന്ന് സ്ത്രീകളെ കഴിഞ്ഞ ദിവസം മരട് പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റവും ഒടുവിൽ മലപ്പുറം പൊന്നാനിയിൽ നിന്നാണ് സംഘത്തിലെ മൂന്നാമത്തെ സ്ത്രീ പിടിയിലാകുന്നത്. പ്രതികളിൽ ഒരാളായ സിന്ധുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ദുബായിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ എത്തിയ ഇവരെ പോലീസ് അവിടെവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ മാർച്ചിൽ ദുബായിലെ നരകയാതനകളിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ അതിജീവിത മരട് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന മനുഷ്യക്കടത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
മയക്കുമരുന്ന് നൽകി ക്രൂരമർദ്ദനം; അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ദുബായിലെ ഫ്ലാറ്റിൽ താൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന് ഇരയായ യുവതി പോലീസിനോട് വെളിപ്പെടുത്തി. മേക്കപ്പ് ആർട്ടിസ്റ്റായ തനിക്ക് വിദേശത്തെ മോഡലിങ് ഷോയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് സംഘം സമീപിക്കുന്നത്. വിസയ്ക്കായി നാല് ലക്ഷം രൂപയും വാങ്ങി. എന്നാൽ ദുബായിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
ദുബായിലെ ഫ്ലാറ്റിൽ എത്തിയ ഉടൻ തന്നെ സിന്ധു തന്റെ പാസ്പോർട്ടും മൊബൈൽ ഫോണും ബലമായി കൈക്കലാക്കി.മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പ്രതികരണശേഷി പൂർണ്ണമായും ഇല്ലാതാക്കിയാണ് തന്നെ ആളുകൾക്ക് കാഴ്ചവെച്ചിരുന്നത്. എതിർക്കാൻ ശ്രമിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു. യുവതിയുടെ നഗ്നദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി നാട്ടിലെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്തു. ക്രൂരത പുറത്തുപറഞ്ഞാൽ നാട്ടിലുള്ള കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.
യുവതി താമസിച്ചിരുന്ന ദുബായിലെ ഫ്ലാറ്റിൽ സമാന രീതിയിൽ കുടുങ്ങിപ്പോയ എട്ടോളം മറ്റ് മലയാളി യുവതികൾ കൂടിയുണ്ടായിരുന്നതായും അതിജീവിത മൊഴി നൽകിയിട്ടുണ്ട്.
ഇവന്റ് മാനേജ്മെന്റിന്റെ മറവിൽ തട്ടിപ്പ്; പ്രതികൾക്ക് ഗുണ്ടാബന്ധം
കൊച്ചിയിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിലാണ് ഈ അന്താരാഷ്ട്ര സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. കേസിൽ അറസ്റ്റിലായ പ്രതികളിൽ അലീന എന്ന യുവതി കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള സ്ഥിരം കുറ്റവാളിയാണ്.
പരാതി നൽകിയതിന് പിന്നാലെ യുവതിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും അലീനയായിരുന്നു. സംഭവത്തിൽ രാജ്യാന്തര ബന്ധമുള്ള കൂടുതൽ പ്രതികൾക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്. നിലവിൽ വിദേശത്തുള്ള മറ്റ് രണ്ട് പ്രധാന പ്രതികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി.
Story Summary : An international sex racket operating out of Kochi has been busted after the Maradu police arrested three women for trafficking a makeup artist to Dubai under the guise of modeling. The survivor revealed she was drugged, brutally assaulted, and blackmailed with nude videos before escaping back to Kerala.

