പാലാ: കർണാടകയിലെ കുന്ദപുരയ്ക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയ പാലാ സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു (Kundapura road accident Mookambika pilgrims). പാലാ മുണ്ടാങ്കൽ പയപ്പാർ പടിഞ്ഞാറേനെല്ലിത്താനത്ത് ജ്യോതി ബിജു (45), പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് (35) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കുന്ദപുരയ്ക്ക് സമീപം അപകടം സംഭവിച്ചത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് കുടജാദ്രി കൂടി സന്ദർശിച്ച് മടങ്ങുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച ജീപ്പിലേക്ക് എതിരെ തെറ്റായ ദിശയിൽ (Wrong Side) അമിതവേഗതയിൽ വന്ന ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ജീപ്പ് റോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ വണ്ടി നിർത്താതെ രക്ഷപ്പെട്ടു.
അപകടത്തിൽ മരിച്ച ജ്യോതിയുടെ അമ്മ പാലാ പോണാട് ഭൂതക്കുഴി മുണ്ടയ്ക്കൽ മിനി വേണുഗോപാൽ (65), ജ്യോതിയുടെ സഹോദരൻ ജ്യോതിസ് (42), ആര്യയുടെ നാല് വയസ്സുകാരനായ മകൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ കുന്ദപുര ആദർശ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരം മണിപ്പാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജ്യോതി, ആര്യ എന്നിവരുടെ മൃതദേഹങ്ങൾ നിലവിൽ കുന്ദപുര ആദർശ ഹോസ്പിറ്റൽ മോർച്ചറിയിലാണ്.
പാലായിലെ സ്വകാര്യ ടൂർ ഓപ്പറേറ്റിങ് ഏജൻസി വഴി വിവിധ കരയോഗങ്ങളിൽ നിന്നുള്ള സംഘം കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആറ് ബസുകളിലായി മൂകാംബികയിലേക്ക് പുറപ്പെട്ടത്. ക്ഷേത്ര ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപ്, യാത്രാസംഘത്തിലെ നാൽപ്പതോളം പേർ ഞായറാഴ്ച രാവിലെ അഞ്ച് ജീപ്പുകളിലായി കുടജാദ്രി സന്ദർശിക്കാൻ പുറപ്പെടുകയായിരുന്നു.
കുടജാദ്രി സന്ദർശനം കഴിഞ്ഞ് തിരികെ പ്രധാന ബസുകളിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിന്റെ ഏറ്റവും പിന്നിലായി സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. നാട്ടിൽ നിന്നും ബന്ധുക്കളും ജനപ്രതിനിധികളും കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. കുന്നാപുര പോലീസ് കേസെടുത്ത് ഒളിവിൽ പോയ ലോറി ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു.
Story Summary : Two women from Pala, Kerala—Jyothi Biju (45) and Arya Anoop (35)—were killed in a tragic road accident near Kundapura, Karnataka, after a wrongly driven lorry rammed into their jeep. The victims were returning after visiting Mookambika Temple and Kodachadri; three others, including a 4-year-old child, sustained severe injuries and were rushed to Manipal Medical College Hospital in Mangaluru.

