മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ കനത്ത ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു (Indian worker killed Moscow drone attack). ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. റഷ്യയിലെ ഇന്ത്യൻ എംബസിയാണ് ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.
ആക്രമണം നടന്നയുടൻ തന്നെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റ ഇന്ത്യൻ തൊഴിലാളികളെ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
“യുദ്ധഭൂമിയിലെ ഈ ജീവഹാനിയുണ്ടായതിൽ എംബസി അതീവ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർക്കും മരണപ്പെട്ടയാളുടെ കുടുംബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി ഇവർ ജോലി ചെയ്തിരുന്ന കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക റഷ്യൻ അധികാരികളുമായും ചേർന്ന് നിരന്തരം പ്രവർത്തിച്ചുവരികയാണ്,” – ഇന്ത്യൻ എംബസി എക്സിൽ (X) കുറിച്ചു.
അതേസമയം , സുരക്ഷാ കാരണങ്ങളാൽ മരിച്ചയാളുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
4 വർഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടി; 1000-ലധികം ഡ്രോണുകൾ
നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിൽ മോസ്കോ ലക്ഷ്യമാക്കി യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണ് ഞായറാഴ്ച ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 1,000-ൽ അധികം യുക്രേനിയൻ ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എങ്കിലും ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് പലയിടത്തും ജനവാസ കേന്ദ്രങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു.
ഇന്ത്യക്കാരൻ ഉൾപ്പെടെ ആകെ നാല് പേരാണ് ഈ ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ മൂന്ന് മരണങ്ങളും മോസ്കോ മേഖലയിലാണ്. മോസ്കോയ്ക്ക് വടക്കുള്ള ഖിംകിയിൽ വീടിന് മുകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഒരു സ്ത്രീ മരിച്ചതായി മോസ്കോ റീജിയണൽ ഗവർണർ ആൻഡ്രി വൊറോബിയോവ് പറഞ്ഞു. മിറ്റിഷ്ചി ജില്ലയിലെ പോഗോറെൽക്കി ഗ്രാമത്തിൽ രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടു. യുക്രൈൻ അതിർത്തി പങ്കിടുന്ന റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലാണ് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. മോസ്കോയിലെ ഒരു പെട്രോളിയം റിഫൈനറിക്ക് സമീപവും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സെലെൻസ്കിയുടെ മുന്നറിയിപ്പിന് പിന്നാലെ ആക്രമണം
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ യുക്രൈന് നേരെ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മോസ്കോ വിറപ്പിച്ചുള്ള ഡ്രോൺ വർഷം. റഷ്യക്ക് ശക്തമായ വ്യോമ പ്രതിരോധ സംവിധാനമുണ്ടായിട്ടും, റഷ്യൻ അതിർത്തിക്കുള്ളിൽ 500 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യങ്ങളിൽ കൃത്യമായി ആഞ്ഞടിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായി യുക്രൈൻ അവകാശപ്പെട്ടു.
Story Summary: An Indian worker was killed and three others were injured in a massive Ukrainian drone strike on Moscow, the Indian Embassy in Russia confirmed. This attack is part of one of Ukraine’s largest drone operations, retaliation for recent heavy Russian airstrikes, with Russia claiming to have intercepted over 1,000 drones in 24 hours.

