തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധി ടി. സിദ്ധിഖ് മന്ത്രിയാകുമെന്ന് ഉറപ്പായി. ഐ.സി. ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ ശക്തമായ സമ്മർദ്ദത്തെ മറികടന്നാണ് ടി. സിദ്ധിഖിന് നറുക്കുവീണത് (T Siddique Cabinet Minister Kerala). അവസാന നിമിഷം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഹൈക്കമാൻഡുമായി നടത്തിയ നിർണ്ണായക ഇടപെടലാണ് സിദ്ധിഖിന് വഴിതുറന്നത്. കോൺഗ്രസിൽ നിന്നുള്ള മുസ്ലിം പ്രതിനിധിയായാണ് ടി. സിദ്ധിഖ് മന്ത്രിസഭയിലെത്തുന്നത്. ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത് എന്നിവരെയും അവസാന ഘട്ടത്തിൽ പരിഗണിച്ചിരുന്നു.
വൈകിട്ട് അഞ്ച് മണിയോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടികയുമായി രാജ്ഭവനിലെത്തി ഗവർണറെ കാണും. പുതിയ മന്ത്രിസഭയിൽ വി.ഡി. സതീശൻ ധനകാര്യത്തിന് പുറമെ തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്കും, റവന്യൂ വകുപ്പ് സണ്ണി ജോസഫിനും, ആരോഗ്യം-ദേവസ്വം വകുപ്പുകൾ കെ. മുരളീധരനും ലഭിക്കും. സി.പി. ജോണിനാണ് ഗതാഗത വകുപ്പ് നൽകുകയെന്നാണ് വിവരം. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ സ്പീക്കറായേക്കും.
അതേസമയം, രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം തള്ളിയ കോൺഗ്രസ് നേതൃത്വം, ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകുന്ന ഫോർമുല അംഗീകരിപ്പിച്ചു. ജലസേചന വകുപ്പാണ് ജോസഫ് വിഭാഗത്തിന് നൽകുക. മന്ത്രിസ്ഥാനം പൂർണ്ണ കാലാവധി നൽകണമെന്ന അനൂപ് ജേക്കബിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ട്. മാണി സി. കാപ്പന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുമെന്നാണ് സൂചന.
Summary: In a major political development in Kerala, T. Siddique has secured a cabinet berth over I.C. Balakrishnan following a last-minute intervention by senior leader A.K. Antony with the Congress High Command. Chief Minister-designate V.D. Satheesan will meet the Governor to present the final cabinet list, where Satheesan will manage Finance and Ports, Ramesh Chennithala will head Home and Vigilance, and K. Muraleedharan will take Health and Devaswom. Meanwhile, the Joseph faction of Kerala Congress agreed to a compromise formula of one cabinet post and the Chief Whip position.

