തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ പ്രകൃതിക്ഷോഭത്തിന് സാധ്യതയേറി മഴ അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala rain luxury orange alert). അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മൂന്ന് തെക്കൻ-മധ്യ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് (Orange Alert) പ്രഖ്യാപിച്ചു.
അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകൾ:
ഓറഞ്ച് അലേർട്ട് (അതിശക്തമായ മഴ): ആലപ്പുഴ, കോട്ടയം, പത്തനംതിട്ട.
യെല്ലോ അലേർട്ട് (ശക്തമായ മഴ): ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ തിങ്കളാഴ്ച എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ടായിരിക്കും.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തവണ മെയ് 26-ഓടെ തന്നെ ഇടവപ്പാതി (കാലവർഷം) കേരളാ തീരത്ത് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
പൊതുജനങ്ങൾക്കായുള്ള അടിയന്തര മുൻകരുതലുകൾ (സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി):
മഴയും കാറ്റും കടുക്കുന്ന സാഹചര്യത്തിൽ വൻ അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ക്യാമ്പുകളിലേക്ക് മാറി താമസിക്കുക: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം പകൽ സമയത്ത് തന്നെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറി താമസിക്കണം.
താൽക്കാലിക വീടുകളിലുള്ളവർ ശ്രദ്ധിക്കുക: അടച്ചുറപ്പില്ലാത്തതോ മേൽക്കൂര ശക്തമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. കാറ്റിൽ മരങ്ങളോ പോസ്റ്റുകളോ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ഇതിനെതിരെ മുൻകരുതൽ സ്വീകരിക്കണം.
ജലാശയങ്ങളിൽ ഇറങ്ങരുത്: നദികൾ മുറിച്ചുകടക്കാനോ, കുളിക്കാനോ, മീൻപിടിക്കാനോ ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്.
യാത്രകളും കാഴ്ചകാണലും ഒഴിവാക്കുക: മേൽപ്പാലങ്ങളിൽ കയറി സെൽഫിയെടുക്കുന്നതും കാഴ്ച കാണുന്നതും പൂർണ്ണമായി ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ മാറ്റിവെക്കുക.
വാഹനങ്ങൾ ഓടിക്കുമ്പോൾ: റോഡുകളിൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിലൂടെ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
എമർജൻസി കിറ്റ്: ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഒരു എമർജൻസി കിറ്റ് (ആവശ്യമായ രേഖകൾ, മരുന്നുകൾ, ടോർച്ച് എന്നിവയടങ്ങുന്ന കിറ്റ്) എപ്പോഴും തയ്യാറാക്കി വെക്കേണ്ടതാണ്.
Story Summary : The IMD has issued an Orange Alert for Alappuzha, Kottayam, and Pathanamthitta districts as heavy rains triggered by a low-pressure area over the Bay of Bengal lash Kerala. The State Disaster Management Authority (SDMA) has issued a high alert for coastal and hilly regions, advising residents in landslide-prone areas to move to camps and avoid water bodies and travel.

