ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫല പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്നുവന്ന ‘ഓൺ സ്ക്രീൻ മാർക്കിംഗ്’ സാങ്കേതിക പിഴവ് സംബന്ധിച്ച പരാതികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തള്ളി. ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തെച്ചൊല്ലി വിദ്യാർത്ഥികളോ രക്ഷിതാക്കളോ യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓൺ സ്ക്രീൻ പരിശോധന പൂർണ്ണമായും സുതാര്യവും കൃത്യവുമാണ്. ഇത് ആദ്യമായല്ല രാജ്യത്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(CBSE on screen marking system controversies rejected by education ministry sanjay kumar)
മുംബൈ സർവ്വകലാശാല ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഷങ്ങളായി വിജയകരമായി ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം നടപ്പിലാക്കുന്നുണ്ട്. മാർക്കുകൾ കൂട്ടുന്നതിലും അവ സിസ്റ്റത്തിൽ രേഖപ്പെടുത്തുന്നതിലും ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നതിലുമുണ്ടാകുന്ന മാനുഷിക പിഴവുകൾ പൂർണ്ണമായി ഒഴിവാക്കാൻ ഈ കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനത്തിലൂടെ സാധിക്കുമെന്ന് സഞ്ജയ് കുമാർ ചൂണ്ടിക്കാണിച്ചു. എങ്കിലും, മാർക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ട് നിലവിലുയർന്ന പരാതികളിൽ കുറ്റമറ്റ രീതിയിൽ പുനർമൂല്യനിർണ്ണയം പൂർത്തിയാക്കുമെന്നും മന്ത്രാലയം ഉറപ്പുനൽകി.
മൂല്യനിർണ്ണയത്തിന്റെ അവസാന ഘട്ടത്തിൽ ചില ഉത്തരക്കടലാസുകളിൽ നേരിട്ട സാങ്കേതിക തടസ്സത്തെക്കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി വിശദീകരണം നൽകി. ഈ പേപ്പറുകൾ കമ്പ്യൂട്ടർ വഴി മാത്രം നോക്കി മാർക്കിടാതെ, ബന്ധപ്പെട്ട അധ്യാപകരോട് ആ ഭാഗങ്ങൾ നേരിട്ട് പ്രത്യേകം പരിശോധിച്ച് കുട്ടികൾക്ക് അർഹമായ മാർക്ക് തന്നെ രേഖപ്പെടുത്താൻ എൻ.ടി.എയും ബോർഡും കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിലൂടെ മാർക്കിംഗിലെ കൃത്യത പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സ്കാനിംഗ് പിഴവ് കാരണം ഒരു വിദ്യാർത്ഥിക്കും മാർക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Story Summary
The Union Education Ministry has dismissed complaints regarding tech glitches in CBSE’s On-Screen Marking (OSM) system for Class 12 exams. Education Secretary Sanjay Kumar assured students that the system is fully transparent, human errors are eliminated, and a clear revaluation process is underway to address concerns, explaining that scanning issues in 13,000 out of 98 lakh answer sheets due to faint ink were manually rectified by examiners.

