മലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപും മുസ്ലീം ലീഗുമായി അവസാനഘട്ട ചർച്ച നടത്തി മല്ലികാർജുൻ ഖർഗെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ലീഗിന്റെ നിലപാടിൽ മാറ്റമുണ്ടോ എന്ന് ഖർഗെ ആരാഞ്ഞെങ്കിലും, സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നതായിരുന്നു ലീഗിൻ്റെ നിലപാട്.(Kharge Consults Muslim League Before Announcing VD Satheesan As Kerala CM)
സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഖർഗെ ഫോണിൽ സംസാരിച്ചു. വി.ഡി. സതീശന്റെ പേരിനോട് ലീഗ് പൂർണ്ണമായി യോജിച്ചിരുന്നു. 11 ദിവസം നീണ്ട ആകാംക്ഷകൾക്കൊടുവിലാണ് ഡൽഹിയിൽ വെച്ച് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും സതീശന്റെ ജനപ്രീതിയും തിരഞ്ഞെടുപ്പ് വിജയവും അനുകൂല ഘടകമായി.
മുഖ്യമന്ത്രി പ്രഖ്യാപനം പൂർത്തിയായതോടെ ഇനി മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് യുഡിഎഫ് കടക്കും. മികച്ച ഭൂരിപക്ഷമുള്ള മുസ്ലീം ലീഗിന് ഇത്തവണ നിർണ്ണായകമായ വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന. യുഡിഎഫിന്റെ വൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സതീശനെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ മുന്നണിയിലെ ഐക്യം നിലനിർത്താൻ സാധിക്കുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
Story Summary
In a final move before the official announcement, Congress President Mallikarjun Kharge consulted Muslim League leaders Sadiq Ali Thangal and P.K. Kunhalikutty regarding the Kerala CM selection. The League firmly stood by its support for V.D. Satheesan, leading the High Command to finalize his appointment and conclude the 11-day-long leadership uncertainty.

