റായ്‌പൂർ: തുടർച്ചയായ രണ്ട് മത്സരങ്ങളിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി വിരാട് കോലി. ഐപിഎൽ 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ പുറത്താകാതെ 105 റൺസ് നേടിയ കോലി, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം സമ്മാനിച്ചു (Virat Kohli 9th IPL Century). തന്റെ ഒമ്പതാം ഐപിഎൽ സെഞ്ചുറിയോടെ ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരം എന്ന റെക്കോർഡ് കോലി വീണ്ടും ഉയർത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം കോലിയുടെ കരുത്തിൽ 19.1 ഓവറിൽ ആർസിബി മറികടന്നു. 60 പന്തിൽ നിന്ന് 11 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടതാണ് കോലിയുടെ ഇന്നിംഗ്സ്. രണ്ടാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലുമായി (37) ചേർന്ന് 92 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ട് കോലി കെട്ടിപ്പടുത്തു. ഇതോടെ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡും കോലി സ്വന്തമാക്കി. ക്രിസ് ഗെയ്‌ലിന്റെ (423 ഇന്നിംഗ്‌സ്) റെക്കോർഡ് മറികടന്ന് 409 ഇന്നിംഗ്‌സുകളിൽ നിന്നാണ് വിരാട് ഈ നേട്ടം കൈവരിച്ചത്.
ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഡേവിഡ് വാർണർക്കൊപ്പമെത്തിയ കോലിക്ക് (10 സെഞ്ചുറികൾ), ഇനി ബാബർ അസമിനെ (13 സെഞ്ചുറികൾ) മറികടക്കാൻ മൂന്ന് സെഞ്ചുറികൾ കൂടി മതി. മത്സരത്തിനിടയിലെ കോലിയുടെ നൃത്തവും ആവേശകരമായ ആഘോഷപ്രകടനങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ആർസിബി നില മെച്ചപ്പെടുത്തി.
Summary: Virat Kohli smashed an unbeaten 105 off 60 balls to lead RCB to a six-wicket victory over KKR in Raipur. This was Kohli’s 9th IPL century, extending his record for the most hundreds in the tournament’s history. He also became the fastest player to reach 14,000 T20 runs, surpassing Chris Gayle.

