ന്യൂഡൽഹി: ഭരണതലത്തിൽ ചെലവുചുരുക്കൽ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മാതൃക തീർക്കുന്നു. തന്റെ ഔദ്യോഗിക സന്ദർശനങ്ങളിലെ വാഹനവ്യൂഹത്തിന്റെ വലുപ്പം 50 ശതമാനത്തോളം കുറയ്ക്കാൻ പ്രധാനമന്ത്രി സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകി. ഔദ്യോഗിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ ചെലവ് കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.(PM Modi convoy, PM Reduces Carcade Size To Promote Austerity)
പുതിയ വാഹനങ്ങൾ വാങ്ങാതെ, നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളെ വാഹനവ്യൂഹത്തിൽ കൂടുതൽ ഉൾപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹിക്ക് പുറത്തുള്ള പ്രധാനമന്ത്രിയുടെ അടുത്തിടെയുള്ള സന്ദർശനങ്ങളിൽ വാഹനവ്യൂഹത്തിന്റെ എണ്ണം കുറച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ തന്നെ ലളിതമായ സംവിധാനങ്ങൾ ഒരുക്കാനാണ് എസ്.പി.ജിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ഹൈദരാബാദ് സന്ദർശന വേളയിൽ ഇന്ധന ഉപഭോഗവും സ്വർണ്ണ ഉപയോഗവും കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വന്തം ഔദ്യോഗിക യാത്രകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. പ്രധാനമന്ത്രിയുടെ ഈ നടപടി മറ്റ് സർക്കാർ വകുപ്പുകൾക്കും വലിയൊരു സന്ദേശമാണ് നൽകുന്നത്.
സർക്കാർ ജീവനക്കാർ ഔദ്യോഗിക യാത്രകൾക്ക് മെട്രോ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നും, കാർ പൂളിങ് രീതി പ്രോത്സാഹിപ്പിക്കണമെന്നും, വലിയ വിരുന്നുകളും ആഘോഷങ്ങളും ഒഴിവാക്കണമെന്നും നിർദ്ദേശം ഉയർന്നിട്ടുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലും ചർച്ചയായി. ഓരോ വകുപ്പും തങ്ങളുടേതായ ചെലവുചുരുക്കൽ പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള തയാറെടുപ്പിലാണ്.
Story Summary
Prime Minister Narendra Modi has ordered a 50% reduction in the size of his official carcade as part of a new government-wide austerity drive aimed at curbing fuel consumption. Following this move, various government departments are now preparing to implement cost-cutting measures, including promoting carpooling, reducing lavish banquets, and encouraging the use of public transport among staff.

