ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അസാധാരണമായ സംഭവം അരങ്ങേറി. മന്ത്രിസഭയിൽ ഒൻപതാമതായി സത്യപ്രതിജ്ഞ ചെയ്യാൻ കീർത്തനയുടെ പേര് വിളിച്ചെങ്കിലും, മാനദണ്ഡ പ്രകാരമുള്ള ‘സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ’ കൈവശമില്ലാത്തതിനാൽ അധികൃതർ ഇവരെ തടയുകയായിരുന്നു.(S Keerthana Fails To Take Oath Due To Missing Election Certificate)
സഭയിൽ പ്രത്യേകം തയ്യാറാക്കിയ പോഡിയത്തിന് അടുത്തേക്ക് കീർത്തന എത്തിയപ്പോൾ അസംബ്ലി പ്രിൻസിപ്പൽ സെക്രട്ടറി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ ഇത് ഹാജരാക്കാൻ കീർത്തനയ്ക്ക് കഴിഞ്ഞില്ല. ഇതേത്തുടർന്ന് ചട്ടം പാലിച്ച് സർട്ടിഫിക്കറ്റ് ഇല്ലാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ലെന്ന് സെക്രട്ടറി അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള മറ്റെല്ലാ അംഗങ്ങളും സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. എല്ലാ എംഎൽഎമാരും സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നതായി നിയമസഭാ വൃത്തങ്ങൾ അറിയിച്ചു. ഇനി സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന മുറയ്ക്ക് കീർത്തനയ്ക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാവുന്നതാണ്.
വിജയ്‍യുടെ പാർട്ടിയായ ടിവികെയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎമാരിൽ ഒരാളാണ് 29-കാരിയായ കീർത്തന. ശിവകാശി മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ അശോകനെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇവർ നിയമസഭയിലെത്തിയത്. മുൻ മന്ത്രിയും എഐഡിഎംകെ നേതാവുമായ കെ.ടി. രാജേന്ദ്ര ബാലാജി ഈ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.
Story Summary
Tamil Nadu Minister S. Keerthana was unable to take her oath as an MLA today after failing to produce the mandatory Certificate of Election. Following the protocol, Assembly officials declined the swearing-in until she presents the required document, though Chief Minister Vijay and other legislators completed the procedure successfully.

