സൂര്യപേട്ട്: കുടുംബകലഹത്തെത്തുടർന്ന് യുവാവ് ഭാര്യയെ നടുറോഡിൽ ക്രൂരമായി കുത്തിക്കൊന്നു (Husband Kills Wife). തെലുങ്കാനയിലെ സൂര്യപേട്ട് സ്വദേശി സരീക്ഷ (24) ആണ് മരിച്ചത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറായ ഭർത്താവ് മണിദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ് വർഷം മുമ്പായിരുന്നു മണിദീപിന്റെയും സരീക്ഷയുടെയും വിവാഹം. ഇവർക്ക് നാല് വയസ്സുള്ള മകനുണ്ട്. കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. മദ്യപാനിയായ മണിദീപ് സരീക്ഷയെ സംശയിക്കുകയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ദമ്പതികളെ കൗൺസിലിംഗിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ മണിദീപിനൊപ്പം പോകാൻ സരീക്ഷ തയ്യാറായില്ല. ഇക്കാര്യം എഴുതി നൽകാമെന്ന് പറഞ്ഞ് വ്യാഴാഴ്ച സ്റ്റേഷനിൽ നിന്ന് മടങ്ങിയ സരീക്ഷയെ ജഗ്ഗയ്യപേട്ടിലേക്ക് പോകാൻ ഓട്ടോ കാത്തുനിൽക്കവെ മണിദീപ് തടയുകയായിരുന്നു.
ഓട്ടോയിൽ കയറാൻ ശ്രമിച്ച സരീക്ഷയെ ഇയാൾ വലിച്ചിറക്കി. മണിദീപ് കത്തിയെടുത്തതോടെ പ്രാണരക്ഷാർത്ഥം സരീക്ഷ അടുത്തുള്ള ചായക്കടയിലേക്ക് ഓടിക്കയറിയെങ്കിലും മണിദീപ് പിന്തുടർന്നെത്തി നെഞ്ചിലും തോളിലും ക്രൂരമായി കുത്തുകയായിരുന്നു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അമിതമായി രക്തം വാർന്ന സരീക്ഷയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Story Summary: A 24-year-old woman named Sareeksha was brutally stabbed to death by her husband, Manideep, in broad daylight at Suryapet, Telangana. Despite seeking refuge in a tea shop after a police counseling session, she was attacked following long-standing domestic disputes and harassment.

