മുംബൈ: ഐപിഎൽ താരങ്ങളുടെ സുരക്ഷയും ടീമിലെ അച്ചടക്കവും കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ടീം ഉടമകൾക്കും താരങ്ങൾക്കും കർശന നിയന്ത്രണങ്ങളുമായി ബിസിസിഐ (BCCI IPL Discipline Protocol). പ്ലെയർ ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയയിലെ (PMOA) പ്രോട്ടോക്കോൾ പലപ്പോഴും ലംഘിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് എട്ട് പേജുകളുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ ബിസിസിഐ പുറത്തിറക്കിയത്.
പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്:
ഉടമകൾക്ക് വിലക്ക്: മത്സരസമയത്ത് താരങ്ങളെ ആലിംഗനം ചെയ്യാനോ ഡഗ് ഔട്ടിലും ഡ്രസ്സിങ് റൂമിലും അനുമതിയില്ലാതെ പ്രവേശിക്കാനോ ടീം ഉടമകൾക്ക് അവകാശമില്ല. താരങ്ങളുമായുള്ള ആശയവിനിമയത്തിനും നിയന്ത്രണമേർപ്പെടുത്തി.
സന്ദർശകർക്ക് നിയന്ത്രണം: ടീം മാനേജർമാരുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ സന്ദർശകരെ ഹോട്ടലുകളിൽ പ്രവേശിപ്പിക്കരുത്. താരങ്ങളുടെ മുറികളിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. പകരം ലോബിയിലോ റിസപ്ഷനിലോ വെച്ച് മാത്രമേ കൂടിക്കാഴ്ച അനുവദിക്കൂ.
യാത്രാ വിവരങ്ങൾ: പരിശീലനമോ മത്സരമോ ഇല്ലാത്ത സമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി പുറത്തുപോകുന്ന താരങ്ങൾ സെക്യൂരിറ്റി ലെയ്‌സൺ ഓഫീസർമാരെയോ ടീം ഇന്റഗ്രിറ്റി ഓഫീസർമാരെയോ വിവരം അറിയിക്കണം.
ലഹരി വിരുദ്ധത: ഡ്രസ്സിങ് റൂം, ഡഗ് ഔട്ട്, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സിഗരറ്റ്, ഇ-സിഗരറ്റ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചു.
നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്, പിഴ, സസ്പെൻഷൻ തുടങ്ങിയ നടപടികൾ ഉണ്ടാകുമെന്നും ബിസിസിഐ മുന്നറിയിപ്പ് നൽകി. എല്ലാ ഫ്രാഞ്ചൈസികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം കൈമാറിക്കഴിഞ്ഞു.
Story Summary: The BCCI has issued a strict eight-page protocol for IPL franchises and players to ensure safety and discipline. Key measures include barring team owners from the dugout and dressing rooms during matches and imposing strict visitor regulations at team hotels to maintain integrity.

