തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പാകത്തിന് അന്വേഷണം വൈകിപ്പിക്കുകയാണെന്ന് കെ. മുരളീധരൻ. 90 ദിവസം പൂർത്തിയാകുന്നതോടെ പത്മകുമാറും പോറ്റിയും പുറത്തിറങ്ങുമെന്നും അതിനുശേഷം എന്ത് അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.(Will trap the gold thieves If UDF comes to power, says K Muraleedharan)
90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാതെ പ്രതികളെ സ്വാഭാവിക ജാമ്യത്തിന് സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും വൈകാതെ പുറത്തിറങ്ങും. ഇവർക്കായി ‘പ്രീപെയ്ഡ് ചാനലുകൾ’ വഴി വഴിതിരിച്ചുവിടൽ വാർത്തകൾ വരും. ഇത്രയും വലിയ കൊള്ള നടക്കുമ്പോൾ മന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. സി.പി.എം നേതാക്കൾക്ക് ഇതിൽ വ്യക്തമായ പങ്കുണ്ട്. വി.ഐ.പിമാരുമായി പോറ്റി നിൽക്കുന്ന ഫോട്ടോകൾ കാണിച്ച് അന്വേഷണം വഴിതിരിച്ചുവിടാനാണ് ശ്രമം. സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ച് കോൺഗ്രസിനെ നിശബ്ദമാക്കാം എന്ന് കരുതേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ ‘സംഘിക്കുട്ടി’യാണ് ശിവൻകുട്ടി. ബി.ജെ.പിയും മാർക്സിസ്റ്റ് പാർട്ടിയും ഒരേ തൂവൽ പക്ഷികളാണെന്നും മുരളീധരൻ പരിഹസിച്ചു. തന്ത്രിക്ക് വാജിവാഹനം നൽകിയത് ആചാരപ്രകാരമാണ്. അത് തന്ത്രിയുടെ വീട്ടിലായതുകൊണ്ടാണ് സുരക്ഷിതമായത്, അല്ലെങ്കിൽ പോറ്റി അതും അടിച്ചുകൊണ്ടുപോയേനെ എന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ ഇനി മൂന്ന് മാസം കൂടി മാത്രമേ ആ കസേരയിൽ കാണൂ. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സ്വർണ്ണം കട്ടവർ അകത്താകും. മുഖ്യമന്ത്രിക്ക് ‘ചിത്തഭ്രമം’ ബാധിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.



