ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്കിടെ നാടകീയ നീക്കങ്ങൾ (Tamil Nadu Election Result 2026). വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെ (TVK) സർക്കാർ രൂപീകരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങൾ നടത്തുന്നതിനിടെ, 15 എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി. എംഎൽഎമാർ കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് നേതൃത്വത്തിന്റെ ഈ നീക്കം.
പുതുച്ചേരിയിലെ ‘ദി ഷോർ ട്രിഷ്വം’ (The Shore Trishvam) റിസോർട്ടിലേക്കാണ് 15 എംഎൽഎമാരെ കൊണ്ടുപോയിരിക്കുന്നത്. ഭൂരിപക്ഷം ഉറപ്പിക്കാൻ അഞ്ച് എംഎൽഎമാരുടെ പിന്തുണ കൂടി ടി.വി.കെക്ക് ആവശ്യമാണ്. ഇതിനിടെ എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ വിജയ്യുടെ പാർട്ടിക്ക് പിന്തുണ നൽകാൻ താല്പര്യം പ്രകടിപ്പിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് അണ്ണാ ഡിഎംകെ ക്യാമ്പ് പ്രതിരോധത്തിലായത്. 40 എംഎൽഎമാർ ടി.വി.കെക്ക് പുറത്തുനിന്ന് പിന്തുണ നൽകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
കേവല ഭൂരിപക്ഷം ഉറപ്പിക്കാതെ സർക്കാർ രൂപീകരിക്കാനോ സത്യപ്രതിജ്ഞ ചെയ്യാനോ അനുമതി നൽകില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കില്ലെന്ന് ഉറപ്പായി. അതേസമയം, ടി.വി.കെക്ക് പിന്തുണ നൽകുന്നു എന്ന വാർത്തകൾ മുൻ മന്ത്രി കെ.പി. മുനിസാമി നിഷേധിച്ചു. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ ടി.വി.കെയും, തങ്ങളുടെ പക്ഷം സംരക്ഷിക്കാൻ എഐഎഡിഎംകെയും നീക്കങ്ങൾ കടുപ്പിച്ചതോടെ തമിഴ്നാട് രാഷ്ട്രീയം സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
Story Summary: AIADMK has moved over 15 of its newly elected MLAs to a resort in Puducherry to prevent potential poaching by Vijay’s TVK party. Governor Rajendra Vishwanath Arlekar has refused to permit government formation until a clear majority is proven, causing a deadlock in Tamil Nadu’s leadership transition.

