തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തകർന്നടിയാൻ കാരണം സംസ്ഥാനത്തുണ്ടായ ശക്തമായ പിണറായി വിരുദ്ധ വികാരമാണെന്ന് വിലയിരുത്തി സിപിഐ നേതൃയോഗങ്ങൾ (CPI vs Pinarayi Vijayan). പിണറായി വിജയന്റെ പ്രവർത്തന ശൈലിയോടുള്ള ജനങ്ങളുടെ വിയോജിപ്പ് യുഡിഎഫിന് അനുകൂലമായ വലിയ അടിയൊഴുക്കായി മാറിയെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം.
നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഏറ്റെടുക്കരുതെന്ന ആവശ്യം സിപിഐയിൽ ശക്തമായി. പിണറായി വീണ്ടും നേതൃത്വത്തിലേക്ക് വരുന്നത് ഇടതുപക്ഷത്തിന് ഭാവിയിൽ കൂടുതൽ തിരിച്ചടിയുണ്ടാക്കും. പുതിയ മുഖങ്ങൾ നേതൃനിരയിലേക്ക് വരണമെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെങ്കിലും എൽഡിഎഫ് വേദികളിൽ ഈ നിലപാട് വ്യക്തമാക്കാനാണ് സിപിഐ തീരുമാനം.
സിപിഐ നേതൃത്വത്തിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകളുണ്ടായെന്നും ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്നും ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു.
സർക്കാരിന്റെ പല നയങ്ങളും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റിയെന്നും, താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നും വിമർശനമുണ്ട്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിന്റെ സൂചനയായാണ് സിപിഐയുടെ ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ എൽഡിഎഫ് യോഗം ചേരുമ്പോൾ ഈ വിഷയങ്ങൾ വലിയ ചർച്ചകൾക്ക് വഴിതെളിക്കും.
Story Summary: CPI leadership meetings have attributed the LDF’s massive defeat in the 2026 Kerala elections to a strong anti-Pinarayi wave. Many leaders demanded that Pinarayi Vijayan step aside from the Opposition Leader post to avoid further setbacks. While acknowledging it as CPM’s internal matter, CPI plans to raise this in LDF forums. The party leadership also faced flak for poor candidate selection and failing to sense the public mood.

