തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം നേതൃത്വത്തെ തിരുത്തലുകൾക്കായി ഓർമ്മിപ്പിച്ച് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ (V.A. Arunkumar Facebook Post). ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും അഴിമതിക്കെതിരെയും സാധാരണക്കാരന്റെ നീതിക്കുവേണ്ടിയും പോരാടിയിരുന്ന പഴയ ആവേശത്തിലേക്ക് പാർട്ടി മടങ്ങണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇതെന്നത് തന്നെ വ്യക്തിപരമായി സ്പർശിക്കുന്നുവെന്ന് അരുൺകുമാർ പറഞ്ഞു. രാഷ്ട്രീയ ചലനങ്ങളെ ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന ആ ശബ്ദം ഇന്ന് നാടിന് നഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ വികാരം തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്ന് അച്ഛൻ എപ്പോഴും വിശ്വസിച്ചിരുന്നു.ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിയാനം പോലും ജനങ്ങൾ എത്ര ഗൗരവമായാണ് കാണുക എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അഴിമതിക്കും പരിസ്ഥിതിക്കും സാധാരണക്കാരന്റെ നീതിക്കും വേണ്ടി പോരാടുന്ന പഴയ കരുത്തിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചു-അരുൺകുർ പറഞ്ഞു.
വി.എസ്. അച്യുതാനന്ദൻ തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച ജനകീയ വിഷയങ്ങളിൽ നിന്ന് പാർട്ടി അകന്നുപോയോ എന്ന ചോദ്യമാണ് അരുൺകുമാറിന്റെ വാക്കുകൾ ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര ചർച്ചകൾ സജീവമാകുന്നതിനിടെയാണ് വി.എസിന്റെ മകന്റെ ഈ പ്രതികരണം വരുന്നത്.
Story Summary: Following the LDF’s defeat in the 2026 Assembly elections, V.A. Arunkumar, son of V.S. Achuthanandan, criticized the CPI(M) leadership indirectly. He stated that the party should return to its roots of fighting against corruption and protecting the interests of common people, emphasizing that the public always senses any deviation from core ideals.

