അംബേദ്കർ നഗർ: ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ ഒരു കുടുംബത്തിലെ നാല് കുട്ടികളെ വീടിനുള്ളിൽ അടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. കുട്ടികളുടെ അമ്മയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. അക്ബർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മീരാൻപുരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.(4 children killed inside home in Ambedkar Nagar, mother missing)
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. രാവിലെ മുതൽ വീട് പൂട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം വീടിനുള്ളിലെ കട്ടിലിൽ കുട്ടികളുടെ രക്തത്തിൽ കുളിച്ച മൃതദേഹങ്ങളാണ് കണ്ടത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന നിയാസിന്റെ (42) മക്കളായ ഷഫീഖ് (14), സൗദ് (10), ഉമർ (8), സാദിയ (7) എന്നിവരാണ് കൊല്ലപ്പെട്ടത്. നിയാസിന്റെ ഭാര്യ നാസിയ ഖാത്തൂമിനൊപ്പമാണ് (37) കുട്ടികൾ താമസിച്ചിരുന്നത്. നാസിയയെ നിലവിൽ കണ്ടെത്താനായിട്ടില്ല. അയോധ്യ റേഞ്ച് ഡിഐജി സോമെൻ ബർമ സംഭവസ്ഥലം സന്ദർശിച്ചു.
വീടിന്റെ പ്രധാന വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇഷ്ടിക പോലുള്ള കനമുള്ള ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്.

