ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാഭരിതമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി കൂടുതൽ ഇന്ധന കപ്പലുകൾ രാജ്യത്തേക്ക് എത്തുന്നു (MT Sarvashakti LPG Tanker). 46,313 മെട്രിക് ടൺ എൽ.പി.ജിയുമായി (LPG) മാർഷൽ ഐലൻഡ്സ് പതാകയുള്ള ‘MT സർവശക്തി’ എന്ന ടാങ്കർ ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. 18 ഇന്ത്യൻ ജീവനക്കാരാണ് ഈ കപ്പലിലുള്ളത്.
2008-ൽ നിർമ്മിച്ച ഈ ടാങ്കർ നിലവിൽ മാർഷൽ ഐലൻഡ്സിന്റെ പതാകയിലാണ് സർവീസ് നടത്തുന്നത്. മെയ് 13-ന് കപ്പൽ വിശാഖപട്ടണം തുറമുഖത്ത് കപ്പൽ എത്തും. ഇതിന് മുൻപായി 44,000 മെട്രിക് ടൺ എൽ.പി.ജിയുമായി ‘ഗ്രീൻ സാൻവി’ എന്ന എണ്ണ ടാങ്കർ കടലിടുക്ക് കടന്നിരുന്നു.
പശ്ചിമേഷ്യൻ സാഹചര്യങ്ങൾ നിരീക്ഷിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന സജീവമായ ചർച്ചകളുടെ ഫലമായാണ് കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത്. ഇതുവരെ ഇന്ത്യയുടെ എട്ട് ടാങ്കറുകളാണ് ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടത്. ഇതിൽ ആറ് കപ്പലുകൾ ഈ അടുത്ത ദിവസങ്ങളിലായാണ് യാത്ര പൂർത്തിയാക്കിയത്.
ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ ടാങ്കറുകൾ ഇത്തരത്തിൽ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Story Summary: The LPG tanker MT Sarvashakti, carrying 46,313 metric tonnes of fuel, has safely crossed the Strait of Hormuz with 18 Indian crew members on board. The vessel is expected to reach Visakhapatnam on May 13. Amid regional tensions, India’s diplomatic efforts have ensured the safe passage of eight tankers so far, with Iran offering support to friendly nations.

