കൊച്ചി: കൂത്താട്ടുകുളം സി.പി.എമ്മിൽ വൻ പൊട്ടിത്തെറി. പാർട്ടിയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്ന മുൻ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിൽ 53 പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു (Koothattukulam CPM News). സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
പാർട്ടിയുടെ മുതിർന്ന പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും സി.പി.ഐയിലേക്ക് എത്തിയത് സി.പി.എമ്മിന് വലിയ തിരിച്ചടിയായി. സി.പി.ഐയിൽ ചേർന്ന പ്രമുഖരിൽ മുൻ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബ്, പാലക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ. ജയ, മുൻ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു എന്നിവരും ഉൾപ്പെടുന്നു.ഇവർക്കൊപ്പം നിരവധി മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളും സി.പി.ഐ അംഗത്വം സ്വീകരിച്ചു.സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ. അഷ്‌റഫ്, മുൻ എം.എൽ.എമാരായ ബാബു പോൾ, എൽദോ എബ്രഹാം എന്നിവർ ചേർന്നാണ് പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാലക്കുഴയിൽ സി.പി.എം സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെട്ടപ്പോൾ ഷാജു ജേക്കബ് മാത്രമാണ് വിജയിച്ചത്. പാർട്ടിയുടെ പരാജയത്തിന് കാരണം ഷാജുവാണെന്ന വിലയിരുത്തലിൽ ഇദ്ദേഹത്തെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ലോക്കൽ, ഏരിയ സെക്രട്ടറിമാരുടെ ഏകാധിപത്യപരമായ നിലപാടുകളാണ് പാർട്ടിയെ തകർത്തതെന്നാണ് പുറത്തുപോയവരുടെ ആരോപണം. വരും ദിവസങ്ങളിൽ കൂടുതൽ പേർ സി.പി.എമ്മിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽ എത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Story Summary: In a major blow to CPI(M) in Koothattukulam, 53 members, including former area committee secretary Shaju Jacob, have joined the CPI. High-profile exits include former Palakkuzha panchayat presidents and block panchayat officials. The move follows Shaju Jacob’s expulsion from CPI(M) after allegations regarding the party’s recent local election losses. CPI leaders K.K. Ashraf and former MLAs welcomed the new members, hinting at more defections in the coming days.

