സുൽത്താൻപൂർ: വിവാഹ ഘോഷയാത്രയ്ക്കിടെ ഉച്ചത്തിൽ ഡിജെ സംഗീതം വച്ചത് മൂലം തന്റെ ഫാമിലെ 140 കോഴികൾ ചത്തുവെന്ന പരാതിയുമായി ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ പൗൾട്രി ഫാം ഉടമ. ഏപ്രിൽ 25-ന് രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ഡിജെ ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തു.(140 Chickens Die After Wedding DJ Decides To Crank Up The Bass)
പ്രദേശവാസിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര സാബിർ അലി എന്നയാളുടെ പോൾട്രി ഫാമിന് മുന്നിലൂടെയാണ് കടന്നുപോയത്. കുദ്വാർ മേഖലയിൽ നിന്നെത്തിയ ഘോഷയാത്രയിൽ അമിത ശബ്ദത്തിലാണ് ഡിജെ സംഗീതം പ്ലേ ചെയ്തിരുന്നത്. രാത്രി 9:30-ഓടെ ഫാം പരിസരത്ത് എത്തിയപ്പോൾ ശബ്ദം അസഹനീയമായിരുന്നെന്ന് സാബിർ അലി പറയുന്നു.
ഘോഷയാത്രയിൽ നിന്നുള്ള തീവ്രമായ ശബ്ദതരംഗങ്ങൾ കാരണം കോഴികൾ പരിഭ്രാന്തരാകുകയും ഇത് മരണത്തിന് കാരണമാകുകയും ചെയ്തു. 140 കോഴികളാണ് ഇത്തരത്തിൽ ചത്തത്. ശബ്ദം താങ്ങാൻ കഴിയാതെ ഭയന്നാണ് കോഴികൾ ചത്തതെന്ന് സാബിർ അലി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പർസിപൂർ സ്വദേശിയായ ഡിജെ ഓപ്പറേറ്റർ കവി യാദവിനെതിരെ പോലീസ് ചൊവ്വാഴ്ച രാത്രി കേസെടുത്തു. ഘോഷയാത്രയിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ശബ്ദം ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ശബ്ദം കോഴികളുടെ മരണത്തിന് കാരണമായോ എന്നതിനെക്കുറിച്ച് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
അമിതമായ ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലും കടുത്ത സമ്മർദ്ദം ഉണ്ടാക്കാൻ കാരണമാകാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങളിൽ പക്ഷികൾക്ക് ഹൃദയസ്തംഭനം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.

