ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിലെ യാത്രാ സൗകര്യങ്ങളും ചരക്കുനീക്കവും മെച്ചപ്പെടുത്തുന്നതിനായി നിർമ്മിച്ച ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 15-ന് പ്രവർത്തനമാരംഭിക്കും. വിമാനത്താവള അധികൃതർ വെള്ളിയാഴ്ചയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.(Noida international airport to begin flight operations from June 15)
വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം ഇൻഡിഗോ ആയിരിക്കും ഓപ്പറേറ്റ് ചെയ്യുക. പിന്നാലെ അകാസ എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയും സർവീസുകൾ ആരംഭിക്കും. വിമാനങ്ങളുടെ റൂട്ടുകളെയും സമയക്രമത്തെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിമാനത്താവളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്ക് അംഗീകാരം നൽകിയതോടെയാണ് പ്രവർത്തനങ്ങൾക്കുള്ള വഴിതെളിഞ്ഞത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ AG-യുടെ സബ്സിഡിയറിയായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ഗ്രീൻഫീൽഡ് പ്രോജക്റ്റ് വികസിപ്പിച്ചത്. ഉത്തർപ്രദേശ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.
നിലവിൽ ഒരു റൺവേയും ഒരു പാസഞ്ചർ ടെർമിനലുമാണ് ഉള്ളത്. പ്രതിവർഷം 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ഈ വിമാനത്താവളത്തിന് ശേഷിയുണ്ട്. നോയിഡ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ഉത്തരേന്ത്യയിലെ ടൂറിസം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

