ന്യൂഡൽഹി: പൊതുസ്ഥലങ്ങൾ ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ അവരുടെ മതപരമായ ആവശ്യങ്ങൾക്കായി മാത്രമായി അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ നമസ്കാരം നിർവഹിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ക്രമസമാധാനത്തിനും മറ്റുള്ളവരുടെ അവകാശങ്ങൾക്കും വിധേയമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.(Allahabad HC says No unilateral right over public land for religious gatherings)
സാംബാൽ ജില്ലയിലെ ഗുണ്ണൂർ തഹസീൽ സ്വദേശിയായ അസിൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സരൾ ശ്രീവാസ്തവ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പൊതുഭൂമി ഏതെങ്കിലും ഒരു വിഭാഗത്തിന് ഏകപക്ഷീയമായി മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല. അത്തരം സ്വത്തുക്കളിൽ എല്ലാ വ്യക്തികൾക്കും തുല്യ അവകാശമാണുള്ളതെന്നും നിയമപരമായി മറ്റാരെയും ഒഴിവാക്കിക്കൊണ്ടുള്ള ഉപയോഗം അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി.
മതം അനുഷ്ഠിക്കാനുള്ള അവകാശം ക്രമസമാധാനത്തിന് വിധേയമാണ്. മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കുന്ന രീതിയിൽ ഇത് വിനിയോഗിക്കാൻ കഴിയില്ല. മതസ്വാതന്ത്ര്യം പരമമായ ഒന്നല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. സ്വകാര്യ സ്ഥലങ്ങളിലെ മതപരമായ ചടങ്ങുകൾക്ക് സംരക്ഷണം ഉണ്ടെങ്കിലും, അത് സംഘടിതമായോ സ്ഥിരമായോ ഉള്ള കൂട്ടായ മതപരമായ പ്രവർത്തനങ്ങൾക്കുള്ള ലൈസൻസല്ല. സ്വകാര്യ ഇടങ്ങളിലെ പ്രവർത്തനങ്ങൾ പൊതുമണ്ഡലത്തെ ബാധിക്കാൻ തുടങ്ങിയാൽ സർക്കാരിന് ഇടപെടാൻ അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഹർജിക്കാരൻ ഒരു പാരമ്പര്യം നിലനിർത്താനല്ല, മറിച്ച് ഗ്രാമത്തിനകത്തും പുറത്തുമുള്ളവരെ പങ്കെടുപ്പിച്ച് പുതിയൊരു കൂട്ടായ ആരാധനാ രീതി തുടങ്ങാനാണ് ശ്രമിക്കുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. മുൻപ് പെരുന്നാൾ പോലുള്ള പ്രത്യേക അവസരങ്ങളിൽ മാത്രം നമസ്കാരം നടന്നിരുന്ന സ്ഥലത്ത്, അത് വിപുലീകരിക്കുന്നത് സംരക്ഷിക്കപ്പെടേണ്ട പ്രവർത്തനങ്ങളുടെ പരിധിയിൽ വരില്ല. നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട പൊതുഭൂമി ഉപയോഗിച്ച് സംഘടിത നമസ്കാരങ്ങൾക്കായി അവകാശവാദം ഉന്നയിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

