വാഷിംഗ്ടൺ: ഇൻഡോ-പസഫിക് സമുദ്രമേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ‘യുഎസ്എസ് ഹിഗ്ഗിൻസ്’ സാങ്കേതിക തകരാറിനെത്തുടർന്ന് മണിക്കൂറുകളോളം നടുക്കടലിൽ കുടുങ്ങി. കപ്പലിലെ വൈദ്യുത സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാറാണ് നിയന്ത്രണം നഷ്ടമാകാൻ കാരണമായത്.(US warship stranded in the middle of the ocean for hours in the Indo-Pacific)
കപ്പലിലെ വൈദ്യുത ശൃംഖലയിൽ പുകയും തീപ്പൊരിയും ഉണ്ടായതിനെത്തുടർന്ന് സുരക്ഷ മുൻനിർത്തി വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കുകയായിരുന്നു. ഇതോടെ കപ്പലിന്റെ എൻജിൻ പ്രവർത്തനവും റഡാറുകളും വാർത്താവിനിമയ സംവിധാനങ്ങളും പൂർണ്ണമായും നിലച്ചു. 1999-ൽ കമ്മീഷൻ ചെയ്ത ഈ കപ്പലിൽ മുന്നൂറോളം നാവികരാണ് ഉണ്ടായിരുന്നത്.
കപ്പലിന്റെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനരഹിതമായത് അതീവ ഗൗരവകരമായ സാഹചര്യമാണെന്ന് നാവികസേനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റഡാറുകളും പ്രതിരോധ സംവിധാനങ്ങളും നിലച്ചതോടെ, ശത്രുക്കളുടെ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു കപ്പലെന്ന് മുൻ യുഎസ് നേവി ക്യാപ്റ്റൻ കാൾ ഷസ്റ്റർ പറഞ്ഞു.
മണിക്കൂറുകൾക്ക് ശേഷം കപ്പലിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും ജീവനക്കാർ സുരക്ഷിതരാണെന്നും യുഎസ് ഏഴാം കപ്പൽപ്പടയുടെ വക്താവ് കമാൻഡർ മാത്യു കോമർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, തന്ത്രപ്രധാനമായ സമുദ്രമേഖലയിൽ യുദ്ധക്കപ്പലിന് ഇത്തരമൊരു വീഴ്ച സംഭവിച്ചതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

