മലപ്പുറം: മുസ്‌ലിം ലീഗ് തങ്ങളുടെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും ലീഗിനെ വിമർശിക്കുന്നത് മലപ്പുറം ജില്ലയെയോ മുസ്‌ലിം സമുദായത്തെയോ വിമർശിക്കുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(When criticizing the Muslim League, it is being turned into a criticism of Malappuram district, says VP Anil)
ഇത്തരം പ്രതികരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മലപ്പുറം ജില്ല എല്ലാ വിഭാഗം ആളുകളുടേതുമാണെന്നും അതിൽ ഒരു പ്രത്യേക അവകാശവാദം ഉന്നയിക്കാൻ മുസ്‌ലിം ലീഗ് മുതിരേണ്ടതില്ലെന്നും അനിൽ വ്യക്തമാക്കി. ലീഗ് ജില്ലയുടെ കുത്തക അവകാശികളാകേണ്ട കാര്യമില്ല.
അധികാരം പിടിച്ചെടുക്കുന്നതിനായി മുസ്‌ലിം ലീഗ് വർഗീയ ശക്തികളുമായി സന്ധി ചെയ്യുകയാണ്. ലീഗിന്റെ ജമാഅത്തെ ഇസ്‌ലാമി ബന്ധം ഇതിന് തെളിവാണ്. ലീഗിന്റെ മാറുന്ന നിലപാടുകൾക്കെതിരെ ഇടതുപക്ഷം മാത്രമല്ല, മുസ്ലിം മതപണ്ഡിതർ തന്നെ രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെന്നും എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും വി.പി. അനിൽ പറഞ്ഞു.

