ദുബായ്: മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ കുട്ടൻ തമ്പുരാനും തങ്കമണിയും നീണ്ട മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിച്ചു (Manoj K Jayan-Rambha). നടൻ മനോജ് കെ. ജയനും നടി രംഭയും തമ്മിലുള്ള ഈ അപൂർവ്വ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ലോഞ്ചിൽ വെച്ചായിരുന്നു അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടൽ.
സിനിമയിലെ ഹിറ്റ് സംഭാഷണം ഓർമ്മിപ്പിച്ചുകൊണ്ടാണ് മനോജ് കെ. ജയൻ ചിത്രങ്ങൾ പങ്കുവെച്ചത്. “കുട്ടൻ തമ്പുരാനും തങ്കമണിയും… ഹരിദാസേ നിന്റെ തങ്കമണിയെ ഞാൻ കണ്ടടാ… 33 വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ട രംഭയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി; അവളെ കണ്ടതിൽ വലിയ സന്തോഷം,” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
1992-ൽ ഹരിഹരൻ സംവിധാനം ചെയ്ത ‘സർഗ്ഗം’ ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നായിരുന്നു. കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ മനോജ് കെ. ജയൻ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം നേടി. രംഭയുടെ കരിയറിലെയും ശ്രദ്ധേയമായ വേഷമായിരുന്നു തങ്കമണി. വർഷങ്ങൾക്ക് ശേഷമുള്ള ഇവരുടെ മനോഹരമായ ചിത്രം ആരാധകരിലും പഴയകാല സിനിമാ ഓർമ്മകൾ ഉണർത്തിയിരിക്കുകയാണ്.
Story Summary: Actor Manoj K. Jayan and actress Rambha, the iconic lead duo of the classic film Sargam (1992), met unexpectedly at Dubai International Airport after 33 years. Manoj K. Jayan shared the pictures on social media with the hit dialogue from the movie, exciting fans of the evergreen characters Kuttan Thampuran and Thankamani.

