പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്ത് വീഡിയോ ചിത്രീകരിച്ച വ്ലോഗർക്കെതിരെ കേസ്. പതിവായി ശബരിമല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വ്യക്തിക്കെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.(Case against vlogger who filmed and posted video of Sabarimala temple after it is closed)
നട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച എന്ന തലക്കെട്ടിൽ കഴിഞ്ഞ മാസം 24-നാണ് 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന വീഡിയോയിൽ, പോലീസ് ചെക്കിങ് പോയിന്റുകൾ മറികടന്ന് നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം വഴി പതിനെട്ടാം പടിക്ക് താഴെ എത്തുന്ന ദൃശ്യങ്ങളുണ്ട്. ആളൊഴിഞ്ഞ പതിനെട്ടാം പടിയും കൊടിമരവും കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്.
നട അടച്ചു കഴിഞ്ഞാൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അല്ലാതെ മറ്റാർക്കും സന്നിധാനത്തേക്ക് പ്രവേശനമില്ല. എന്നിരിക്കെ, ഇത്രയധികം സുരക്ഷാ പോയിന്റുകൾ മറികടന്ന് ഇയാൾ എങ്ങനെ മുകളിലെത്തി എന്നതിനെക്കുറിച്ച് പോലീസ് ഗൗരവമായ അന്വേഷണം ആരംഭിച്ചു. വനം വകുപ്പിനോടും പോലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

