തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി ഇടതുമുന്നണി. പല സർവേകളും യുഡിഎഫിന് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും, താഴെത്തട്ടിലുള്ള കണക്കുകൾ തങ്ങൾക്ക് അനുകൂലമാണെന്നും സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും എൽഡിഎഫ് നേതാക്കൾ ആവർത്തിക്കുന്നു.(LDF confident of continuation of rule, Left camp rejects exit poll predictions)
മിക്ക എക്സിറ്റ് പോളുകളിലും ‘ഏറ്റവും മികച്ച മുഖ്യമന്ത്രി സ്ഥാനാർത്ഥി’ എന്ന ചോദ്യത്തിന് പിണറായി വിജയനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. ഇത് സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമായി പാർട്ടി കാണുന്നു. ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രകടമായിട്ടില്ലെന്നാണ് ഇടത് വിലയിരുത്തൽ.
60 സീറ്റുകളിൽ ഉറച്ച വിജയവും 30 സീറ്റുകളിൽ കടുത്ത പോരാട്ടവും പ്രതീക്ഷിക്കുന്ന എൽഡിഎഫ്, കുറഞ്ഞത് 75-85 സീറ്റുകൾ വരെ ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു. സിപിഎം എംഎൽഎമാർ മത്സരിക്കുന്ന മണ്ഡലങ്ങളിലെ സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്ന് പാർട്ടി വിശ്വസിക്കുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമാകുമെന്ന വാദത്തെയും ഇടതുമുന്നണി പൂർണ്ണമായി അംഗീകരിക്കുന്നില്ല.
എക്സിറ്റ് പോളുകൾ വെറും പ്രവചനങ്ങൾ മാത്രമാണെന്നും നേതാക്കൾ പ്രതികരിച്ചു. എന്നാൽ ഒരു എക്സിറ്റ് പോൾ പോലും ഇതുവരെ ഭരണത്തുടർച്ച പ്രവചിക്കാത്തത് ഇടത് ക്യാമ്പുകളിൽ നേരിയ ആശങ്കയ്ക്കും കാരണമാകുന്നുണ്ട്. മെയ് 4-ന് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കേരള ചരിത്രത്തിൽ ഇടത് മുന്നണിക്ക് മറ്റൊരു തിളക്കമാർന്ന വിജയം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.

