തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കിൽ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു (
Kadakkavoor auto accident). അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ വാൾട്ടർ-ബിജി ദമ്പതികളുടെ മകൻ ബിനോയ് (കുട്ടു) ആണ് ദാരുണമായി മരണപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ നിലയ്ക്കാമുക്ക് ചന്തയ്ക്ക് സമീപമായിരുന്നു അപകടം. ബിനോയിയും അമ്മയും സഹോദരിയും ചേർന്ന് മൊബൈൽ ഫോൺ നന്നാക്കുന്നതിനായി ആറ്റിങ്ങലിലേക്ക് ഓട്ടോറിക്ഷയിൽ പോവുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് തെരുവുനായ കുറുകെ ചാടുകയും ഡ്രൈവർ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി മറിയുകയുമായിരുന്നു.
അപകടത്തിൽ ഓട്ടോറിക്ഷയ്ക്കടിയിൽപ്പെട്ട ബിനോയിയെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അമ്മ ബിജി, ഡ്രൈവർ രാജു എന്നിവർ ചികിത്സയിലാണ്. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ബിനോയ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Story Summary: A 10-year-old boy named Binoy died after an auto-rickshaw overturned in Kadakkavoor, Thiruvananthapuram, when a stray dog jumped across the road. The vehicle lost control and hit a footpath, trapping the child underneath; his mother and the driver sustained injuries.

