കോഴിക്കോട്: പ്രമുഖ സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിലായി. അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയായ കർണാടക ഷിമോഗ സ്വദേശി അനിൽകുമാർ എന്ന ഡോളർ അനി, മോഷണമുതൽ വിൽക്കാൻ സഹായിച്ച അമ്പായത്തോട് സ്വദേശി ജെയിംസ് എന്നിവരെയാണ് കോഴിക്കോട് സിറ്റി പോലീസിന്റെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നടക്കാവ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.(Cyber expert Vinod Bhattathiripad’s house was robbed, accused was caught from Tamil Nadu)
കഴിഞ്ഞ മാർച്ച് 24-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള വിനോദ് ഭട്ടതിരിപ്പാടിന്റെ വീട് പൂട്ടി കുടുംബസമേതം യാത്ര പോയ സമയത്തായിരുന്നു കവർച്ച. മുൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വർണ്ണാഭരണങ്ങളാണ് കവർന്നത്.
പ്രതിയെ കണ്ടെത്താനായി പോലീസ് സംഘം തമിഴ്‌നാട്ടിലും കർണാടകയിലും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പല സ്ഥലങ്ങളിലായി താമസം മാറി മോഷണം നടത്തുന്ന രീതിയായതിനാൽ പ്രതിയെ കണ്ടെത്തുന്നത് പോലീസിന് വെല്ലുവിളിയായിരുന്നു. കമ്പത്തുള്ള ഒരു കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അനിൽകുമാർ, തമിഴ്നാട് പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് തേനിയിലേക്ക് കടന്നു. തേനി ടൗണിൽ വെച്ച് അതീവ സാഹസികമായാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമ്പോൾ പുതിയൊരു കൂട്ടാളിക്കൊപ്പം കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു ഇയാൾ.

