Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeNationalനിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം പ്രതീക്ഷയുമായി BJP: ലക്ഷ്യം 2027 | BJP

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം പ്രതീക്ഷയുമായി BJP: ലക്ഷ്യം 2027 | BJP

🎙️ Latest Podcast

ന്യൂഡൽഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ 2027 ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതികളിലേക്ക് ബിജെപി കടന്നു. പശ്ചിമ ബംഗാളിൽ നാളെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ്, അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ സജീവമാക്കിയതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ വ്യക്തമാക്കിയത്.(BJP has high hopes in the assembly elections, including in Kerala)

ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങി അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലാണ് നിലവിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേരിട്ടുള്ള മാർഗനിർദേശപ്രകാരമാണ് ‘ഗ്രൗണ്ട് വർക്കുകൾ’ പുരോഗമിക്കുന്നത്. യുപിയിലും ഗുജറാത്തിലും ഇതിനോടകം സന്ദർശനം പൂർത്തിയാക്കിയ നിതിൻ നവീൻ, അടുത്ത ആഴ്ച ഉത്തരാഖണ്ഡ് സന്ദർശിക്കും. ഒരു തിരഞ്ഞെടുപ്പിന്റെ അവസാനം ബിജെപിയെ സംബന്ധിച്ചിടത്തോളം അടുത്ത തിരഞ്ഞെടുപ്പിന്റെ തുടക്കമാണെന്നും, മറ്റ് പാർട്ടികൾ തിരഞ്ഞെടുപ്പ് എത്തുമ്പോൾ മാത്രം തന്ത്രങ്ങൾ മെനയുമ്പോൾ ബിജെപി എന്നും സജീവ കർമ്മപഥത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് 4-ന് വോട്ടെണ്ണൽ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിൽ ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് നേതൃത്വം വിശ്വസിക്കുന്നു. അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഭരണം നിലനിർത്തുമെന്നും ബംഗാളിലും തമിഴ്‌നാട്ടിലും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി ക്ലീൻ സ്വീപ്പ് നടത്തി. സംസ്ഥാനത്തെ 15 കോർപ്പറേഷനുകളിലും ബിജെപി ഭരണം നേടി. അഹമ്മദാബാദിലെ 192 വാർഡുകളിൽ 161 എണ്ണവും ബിജെപി നേടിയപ്പോൾ കോൺഗ്രസ് 31 വാർഡുകളിൽ ഒതുങ്ങി. പോർബന്തർ, മോർബി നഗരസഭകളിൽ ആകെയുള്ള 52 സീറ്റുകളും നേടി ബിജെപി സമ്പൂർണ്ണ വിജയം കൈവരിച്ചു.

സൂറത്തിൽ ആകെയുള്ള 120 വാർഡുകളിൽ 114 എണ്ണം ബിജെപി നേടിയപ്പോൾ കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ ആം ആദ്മി പാർട്ടി നാല് സീറ്റിലേക്ക് ഒതുങ്ങി. കോൺഗ്രസിന് ഇവിടെ ഒരു സീറ്റാണ് ലഭിച്ചത്. വഡോദരയിൽ 69 സീറ്റുകൾ ബിജെപിക്കും 6 സീറ്റുകൾ കോൺഗ്രസിനും ലഭിച്ചു. ആകെ 1090 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 782 എണ്ണവും വിജയിച്ച് ഗ്രാമമേഖലകളിലും ബിജെപി കരുത്തുകാട്ടി. നർമ്മദ ജില്ലാ പഞ്ചായത്തിൽ മാത്രമാണ് ആം ആദ്മി പാർട്ടിക്ക് ഭരണം നേടാനായത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.