കൊല്ലം: തെന്മല ഡാം ജങ്ഷന് സമീപത്തെ കാട്ടിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തി. ഏകദേശം ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടമാണിതെന്നാണ് പ്രാഥമിക നിഗമനം (Thenmala Forest Skeleton). വിറക് ശേഖരിക്കാനായി വനത്തിനുള്ളിൽ പോയ നാട്ടുകാരാണ് അസ്ഥികൂടം കണ്ടത്. ഉടൻ തന്നെ ഇവർ പോലീസിനെയും വനംവകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഒരു ജോഡി ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, തൊട്ടടുത്തുള്ള മരത്തിൽ ദ്രവിച്ച നിലയിലുള്ള ഒരു തുണിയും പോലീസ് കണ്ടെടുത്തു.
പ്രാഥമിക ലക്ഷണങ്ങൾ വച്ച് ഇത് ഒരു ആത്മഹത്യയാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. മരത്തിൽ തൂങ്ങിമരിച്ച വ്യക്തിയുടെ ശരീരം കാലപ്പഴക്കത്താൽ താഴെ വീണതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.ഏകദേശം ഒരു വർഷം മുൻപ് ഇതേ പ്രദേശത്തുനിന്ന് ഒരാളെ കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇപ്പോൾ കണ്ടെത്തിയ അസ്ഥികൂടം ഇയാളുടേതാകാം എന്ന സംശയത്തിലാണ് അന്വേഷണ സംഘം.
പോലീസും വനംവകുപ്പും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അസ്ഥികൂടം ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. ഡി.എൻ.എ (DNA) പരിശോധനയിലൂടെ മാത്രമേ മരിച്ച വ്യക്തിയെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ.
Story Summary: A human skeleton was discovered in the forest near Thenmala Dam Junction, Kollam, by locals who went to collect firewood. Initial findings suggest it belongs to a man who likely went missing a year ago from the same area. Police recovered clothes, footwear, and a decayed piece of cloth from a nearby tree, leading to suspicions of suicide. Forensic experts have conducted an investigation, and DNA testing will be carried out to confirm the identity of the deceased.

