കാമറെഡ്ഡി: ചിക്കൻ കറി പാകം ചെയ്തില്ലെന്നതിനെച്ചൊല്ലി ഉണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. തെലുങ്കാനയിലെ കാമറെഡ്ഡിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഗോസംഗി കോളനിയിലെ ആക്രി കച്ചവടക്കാരനായ കോദണ്ഡം ശിവാജി (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു.(No chicken for dinner, Telangana man shouts at wife, she kills him with sickle)
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ചിക്കൻ കറി വെക്കാത്തതിനെച്ചൊല്ലി ശിവാജി ലക്ഷ്മിയുമായി വഴക്കിട്ടു. ബന്ധുക്കൾ ഇടപെട്ട് ഇവരെ ശാന്തരാക്കിയെങ്കിലും, അവർ പോയതിന് പിന്നാലെ വീണ്ടും തർക്കം രൂക്ഷമായി. ചിക്കൻ പാകം ചെയ്യാത്തതിനൊപ്പം മറ്റ് കുടുംബ പ്രശ്നങ്ങളും ഉന്നയിച്ച് ശിവാജി ലക്ഷ്മിയുമായി വഴക്കിട്ടു.
വഴക്കിനിടെ പ്രകോപിതയായ ലക്ഷ്മി വീട്ടിലിരുന്ന വാക്കത്തി എടുത്ത് ശിവാജിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ ശിവാജി നിലത്തുവീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതമായി രക്തം വാർന്നതിനെത്തുടർന്ന് ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായി കാമറെഡ്ഡി ഇൻസ്പെക്ടർ ബി. നരഹരി അറിയിച്ചു. ആറ് വർഷം മുൻപാണ് ശിവാജിയും ലക്ഷ്മിയും വിവാഹിതരായത്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. കഴിഞ്ഞ ആറ് മാസമായി വാടകവീട്ടിലായിരുന്നു താമസം. ഇവർക്കിടയിൽ മുൻപും കുടുംബ പ്രശ്നങ്ങൾ പതിവായിരുന്നുവെന്നും പലതവണ മുതിർന്നവർ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നുവെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ശിവാജിയുടെ സഹോദരൻ സൂരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 103 (1) (കൊലപാതകം) പ്രകാരം ലക്ഷ്മിക്കെതിരെ കേസെടുത്തു.

