മധുര: തമിഴകത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി മാറാനൊരുങ്ങുന്ന ‘കറുപ്പി’ന്റെ ഓഡിയോ ലോഞ്ച് മധുരയുടെ സാംസ്കാരിക ഉത്സവമായി മാറി (Suriya Karuppu Audio Launch). മധുരയിലെ പ്രശസ്തമായ ചിത്തിരൈ തിരുവിഴയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വൻ ജനപങ്കാളിത്തമാണ് ചടങ്ങിലുണ്ടായത്.
വേദിയിൽ ആരാധകരെ അഭിസംബോധന ചെയ്ത സൂര്യ വികാരാധീനനായാണ് സംസാരിച്ചത്. “കഴിഞ്ഞ 28 വർഷമായി എന്നെ ഒരു ഹീറോയായി നിലനിർത്തുന്നത് നിങ്ങൾ നൽകുന്ന ഈ സ്നേഹമാണ്. ഈ സിനിമയിൽ ഞാനല്ല നായകൻ, കറുപ്പുസ്വാമിയാണ് യഥാർത്ഥ നായകൻ” – സൂര്യ പറഞ്ഞു. മധുരയോടുള്ള തന്റെ ആത്മബന്ധം പങ്കുവെച്ച അദ്ദേഹം, ചിത്രത്തിന്റെ സംവിധായകൻ ആർ.ജെ. ബാലാജിയുടെയും സംഗീതസംവിധായകൻ സായി അഭ്യങ്കറിന്റെയും പ്രയത്നങ്ങളെ വാനോളം പുകഴ്ത്തി.
സൂര്യയ്ക്കൊപ്പം തൃഷ കൃഷ്ണ, മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രൻസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.’മണമേ’ ഫെയിം സായി അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഈ ചിത്രം പൂർത്തിയായതെന്ന് സംവിധായകൻ ആർ.ജെ. ബാലാജി വ്യക്തമാക്കി.എസ്.ആർ. പ്രഭുവിന്റെ ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു വലിയ ദൃശ്യ-സംഗീത വിരുന്നായിരിക്കുമെന്ന ഉറപ്പോടെ എത്തുന്ന ‘കറുപ്പ്’, 2026 മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിലും ചിത്രത്തിന് വലിയ സ്വീകരണമാണ് പ്രതീക്ഷിക്കുന്നത്. (പി.ആർ.ഒ: പ്രതീഷ് ശേഖർ).
Story Summary: The grand audio launch of Suriya’s highly anticipated film ‘Karuppu’, directed by RJ Balaji, was held amidst massive fanfare in Madurai. Speaking at the event, Suriya expressed his gratitude to his fans for their 28-year support and stated that the real hero of the film is ‘Karuppu Swamy’. The movie features Trisha Krishnan and Indrans in pivotal roles, with music by Sai Abhyankar. Produced by SR Prabhu, ‘Karuppu’ is set to hit theaters worldwide on May 14, 2026.

