ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സജി (43) പിടിയിലായി. സജിയുടെ വീടിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വിവരം പുറത്തായതോടെ ഇയാൾ സംസ്ഥാനം വിട്ടതായി സംശയിച്ചിരുന്നെങ്കിലും വീടിന് പരിസരത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്നു.(Nedumkandam double murder, Suspected accused Saji has been found)
പ്രതിയെന്ന് സംശയിക്കുന്ന ഇയാൾ വീടിന് സമീപത്ത് ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് സംഘം ഡ്രോണുകൾ ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തി. പോലീസ് പരിശോധന ശക്തമാക്കിയതോടെ സജി മലയിറങ്ങി താഴേക്ക് വരികയായിരുന്നു. ഇവിടെ കാത്തുനിന്ന പോലീസ് സംഘം ഇയാളെ പിടികൂടി.
സജിയുടെ മാതാവ് മേരി (70), സഹോദരൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം വീടിന് പിന്നിലെ പറമ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത് എന്നാണ് സൂചന. അമ്മയെയും സഹോദരനെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മേരിയുടെ മകൾ പോലീസിൽ നൽകിയ പരാതിയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.ഇയാളുടെ പിതാവ് മാത്യുവിന്റെ ദുരൂഹ തിരോധാനത്തിലും സജിക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കും.

