വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള ഇറാന്റെ പുതിയ നിർദ്ദേശങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ദേശീയ സുരക്ഷാ സംഘത്തിനും അതൃപ്തി. റിപ്പോർട്ട് പ്രകാരം, ഇറാന്റെ നിർദ്ദേശങ്ങളിൽ യുഎസ് ഭരണകൂടത്തിന് കടുത്ത സംശയമുണ്ട്.(West Asian conflict, Report says Trump is unhappy with Iran’s proposals )
ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവയ്ക്കണമെന്ന ഇറാന്റെ നിബന്ധനയാണ് ട്രംപിന്റെ അതൃപ്തിക്ക് പ്രധാന കാരണമെന്നാണ് സൂചന. എന്നാൽ ആണവ കരാർ ഉൾപ്പെടാത്ത ഒരു ഒത്തുതീർപ്പിനും ഇറാനുമായി സാധ്യതയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ആണവ സമ്പുഷ്ടീകരണം സംബന്ധിച്ച കൃത്യമായ ഉറപ്പില്ലാതെ ഉപരോധങ്ങൾ നീക്കാനോ യുദ്ധം അവസാനിപ്പിക്കാനോ അമേരിക്ക തയ്യാറായേക്കില്ല.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഒമാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പുതിയ നിർദ്ദേശങ്ങൾ രൂപപ്പെട്ടത്. മധ്യസ്ഥരായ പാക്കിസ്ഥാൻ മുഖേനയാണ് ഈ നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് കൈമാറിയത്. ഹോർമുസ് കടലിടുക്ക് തുറക്കുക. നിലവിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുക. ആണവ ചർച്ചകൾ മറ്റൊരു സമയത്തേക്ക് മാറ്റിവയ്ക്കുക.
ഇവയായിരുന്നു ഇറാന്റെ പ്രധാന ആവശ്യങ്ങൾ. എന്നാൽ ഇറാന്റെ ഈ നീക്കം സമയം ലാഭിക്കാനുള്ള തന്ത്രമാണോ എന്ന് യുഎസ് ദേശീയ സുരക്ഷാ സമിതി സംശയിക്കുന്നുണ്ട്.

