ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ തിങ്കളാഴ്ച ഒപ്പുവെച്ചു. വ്യാപാര തടസ്സങ്ങൾ നീക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള കരാറിൽ ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലാൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയുമാണ് ഒപ്പുവെച്ചത് (India New Zealand FTA Signing). ഒൻപത് മാസം കൊണ്ട് ചർച്ചകൾ പൂർത്തിയാക്കി ഒപ്പിട്ടു എന്ന പ്രത്യേകതയും ഈ കരാറിനുണ്ട്. അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലാൻഡ് ഇന്ത്യയിൽ ഏകദേശം 20 ശതകോടി ഡോളർ നിക്ഷേപം നടത്തും.
ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പരവതാനികൾ, സെറാമിക്സ്, വാഹന ഭാഗങ്ങൾ എന്നിവയ്ക്ക് ന്യൂസിലാൻഡ് ഏർപ്പെടുത്തിയിരുന്ന 10 ശതമാനം നികുതി നീക്കം ചെയ്യും. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലാൻഡ് വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. ചായ, കോഫി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. അതേസമയം, ഇന്ത്യൻ ക്ഷീരകർഷകരുടെ താല്പര്യം സംരക്ഷിച്ച് പാൽ, ചീസ്, വെണ്ണ, തൈര് എന്നിവയെ കരാറിൽ നിന്ന് ഒഴിവാക്കി. ആപ്പിൾ, കിവിപ്പഴം, തേൻ എന്നിവയ്ക്ക് നിശ്ചിത ക്വാട്ടയിൽ ഇളവുകൾ അനുവദിച്ചു.
ഇന്ത്യൻ പ്രൊഫഷണലുകൾക്കായി 5,000 വിസകൾ എപ്പോഴും ലഭ്യമാക്കും. ഐ.ടി, ആരോഗ്യരംഗം, വിദ്യാഭ്യാസം, നിർമ്മാണം എന്നീ മേഖലകളിലുള്ളവർക്ക് ഇത് പ്രയോജനപ്പെടും. കൂടാതെ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനശേഷം ന്യൂസിലാൻഡിൽ ജോലി ചെയ്യുന്നതിനായുള്ള അവസരങ്ങളും വർദ്ധിപ്പിച്ചു.ഐ.ടി, ഹെൽത്ത് കെയർ തുടങ്ങിയ നൂറിലധികം സേവന മേഖലകൾ ഇരുരാജ്യങ്ങളും പരസ്പരം തുറന്നുകൊടുത്തു. ഇന്ത്യയിൽ എക്സിക്യൂട്ടീവ് അംഗീകാരത്തിലൂടെയും ന്യൂസിലാൻഡിൽ പാർലമെന്റ് അംഗീകാരത്തിലൂടെയും കരാർ ഉടൻ പ്രാബല്യത്തിൽ വരും. ന്യൂസിലാൻഡിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ കൂടി എടുത്തേക്കാം.
Summary: India and New Zealand signed a historic Free Trade Agreement (FTA) on Monday, involving a USD 20 billion investment commitment from New Zealand over 15 years. The pact includes significant tariff eliminations on Indian textiles, leather, and machinery, while protecting India’s sensitive dairy sector. It also opens up 5,000 visas for Indian professionals and enhances post-study work opportunities for students, marking one of India’s fastest-concluded trade deals.

